ചരിത്ര സ്മരണകൾ നിറഞ്ഞ പീരങ്കി മൈതാനം മാലിന്യക്കൂമ്പാരമായി
text_fieldsകൊല്ലം പീരങ്കി മൈതാനത്ത് കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും
കൊല്ലം: സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന ചരിത്രത്തിന്റെയും സ്മരണകൾ നിറഞ്ഞ കൊല്ലം പീരങ്കി മൈതാനം നഗരത്തിലെ മുഴുവൻ മാലിന്യവും തള്ളുന്ന മൈതാനമായി. അവിസ്മരണീയ സമരപോരാട്ടങ്ങളുടെ ചരിത്രമുണ്ടെങ്കിലും പീരങ്കി മൈതാനം ഇപ്പോൾ പേരിൽ മാത്രമൊതുങ്ങുന്നു. സർക്കാർ പൊതുപരിപാടികളുൾപ്പെടെ നിരവധി സമ്മേളനങ്ങൾക്കും നൂറുകണക്കിന് കായിക വിദ്യാർഥികൾ പരിശീലനത്തിനും എത്തുന്നിടമാണ് പീരങ്കി മൈതാനം.
എന്നാൽ, ഇന്ന് മൈതാനെത്ത് എത്തിയാൽ പല മൂലകളിലായി മാലിന്യക്കൂമ്പാരങ്ങളും മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതും കാണാം. മൂന്നുവർഷത്തിലേറെയായി ദുരിതംപേറി ദുർഗന്ധപൂരിതമാണ് മൈതാനം. കൊല്ലം നഗരത്തിലെ നിരവധി കായിക വിദ്യാർഥികൾ ദിവസവും പരിശീലനത്തിനെത്തുന്നിടവും പ്രഭാത വ്യായാമങ്ങൾക്കായി നിരവധിപേർ ആശ്രയിക്കുന്നിടവും കൂടിയാണിത്.
അധികൃതർ ഉൾപ്പെടെ മാലിന്യനിക്ഷേപത്തിനെതിരെ നിർദേശം നൽകിയിട്ടും ദിവസവും മാലിന്യം ഇവിടേക്ക് എത്തുകയാണ്. മഴപെയ്യുന്നതോടെ മലിന്യത്തിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന മലിനജലം മൈതാനത്ത് പരന്നൊഴുകുകയാണ്. ഇതിൽ ചവിട്ടിവേണം പരിശീലനത്തിനിറങ്ങാൻ.
ദുർഗന്ധവും ഈച്ചയും കൊതുകും കാരണം മൈതാനത്ത് പല ദിവസങ്ങളിലും പിരിശീലനത്തിന് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കായിക വിദ്യാർഥികൾ പറയുന്നു. ഇതിന്റെ ഫലമായി നിരവധി വിദ്യാർഥികൾക്ക് ശരീരത്തിൽ ചൊറിച്ചിൽ, ശ്വാസംമുട്ടൽ, പകർച്ചപ്പനി പോലുള്ള രോഗങ്ങൾ തുടങ്ങിയവ പടരുന്നതായും വിദ്യർഥികളുടെ മാതാപിതാക്കൾ പറയുന്നു.
കുട്ടികളും പ്രദേശത്തെ കച്ചവടക്കാരും ചേർന്ന് നിരവധിതവണ കോർപറേഷൻ മേയർക്കും സഥലം എം.എൽ.എ എം. നൗഷാദിനും പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. കോർപറേഷനുമായി കരാറിലേർപ്പെടാത്ത സ്വകാര്യ വ്യക്തികളുടെ മാലിന്യ വാഹനങ്ങളാണ് മൈതാത്ത് പാർക്ക് ചെയ്തിരിക്കുന്നത്.
രാത്രിയുടെ മറവിലാണ് ഇവിടേക്ക് മാലിന്യമെത്തുന്നത്. കോഴിമാലിന്യമുൾപ്പെടെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മാലിന്യവാഹനത്തിന്റെ ഡ്രൈവർമാരുമായി ബന്ധപ്പെട്ടപ്പോൾ കോർപറേഷനിൽ വാടക നൽകിയാണ് മൈതാനത്ത് പാർക്കുചെയ്യുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

