റോഡരികിൽ മാലിന്യം, കോൺക്രീറ്റ് മിക്സർ യന്ത്രം; യാത്രക്ക് തടസം
text_fieldsമുണ്ടയ്ക്കൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് എതിർവശത്തെ റോഡരികിൽ തള്ളിയ മാലിന്യച്ചാക്കുകളും വാഹനങ്ങൾക്ക് തടസ്സമായ കോൺക്രീറ്റ് മിക്സർ യന്ത്രവും
കൊല്ലം: റോഡരികിൽ തള്ളിയിരിക്കുന്ന മാലിന്യം വഴിയാത്രക്കാർക്കും സമീപവാസികൾക്കും തടസ്സമാകുന്നു. കൊച്ചുപിലാംമൂട് മുണ്ടയ്ക്കൽ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് എതിർവശത്തുള്ള റോഡരികിലും സ്വകാര്യവ്യക്തിയുടെ സ്ഥലത്തുമാണ് മാലിന്യം ചാക്കുകളിലാക്കിയും അല്ലാതെയും തള്ളിയിരിക്കുന്നത്. സമീപത്ത് കലക്ടേഴ്സ് ബംഗ്ളാവ്, കാപ്പെക്സ്, സ്വകാര്യ സ്കൂൾ, കശുവണ്ടി ക്ഷേമനിധി ഓഫീസ്, വീടുകൾ എന്നിവയുണ്ട്.
ഇടവിട്ടുള്ള മഴയിൽ മാലിന്യത്തിൽനിന്നും ഇതിനോടുചേർന്നുള്ള ഓടയിൽ കെട്ടിനിൽക്കുന്ന മലിനജലത്തിൽനിന്നും കടുത്ത ദുർഗന്ധമാണ് ഉണ്ടാകുന്നത്. ടാങ്കറിലെ കക്കൂസ് മാലിന്യം തള്ളുന്നതോടൊപ്പം സമീപ സ്ഥാപനങ്ങളുൾപ്പെടെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും ഉണ്ട്.
കോർപറേഷൻ ജീവനക്കാരെത്തി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യച്ചാക്കുകൾ കത്തിക്കുകയും ശേഷിച്ചവ ഒഴിഞ്ഞ പറമ്പിലേക്ക് തള്ളുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞദിവസം റോഡരികിലെ മാലിന്യം നീക്കം ചെയ്തശേഷം കോർപറേഷൻ സെക്രട്ടറിയുടെ അറിയിപ്പ് ബാനർ സ്ഥാപിച്ചെങ്കിലും വീണ്ടും ചാക്കുകണക്കിന് മാലിന്യമാണ് ഇവിടെ തള്ളിയത്. വാഹനമോടിക്കുന്നവരുടെയും കാൽനടക്കാരുടെയും റോഡിലെ കാഴ്ച മറയ്ക്കുംവിധം മാസങ്ങളായി കോൺക്രീറ്റ് മിക്സർ യന്ത്രവും ഇവിടെയുണ്ട്. വാഹനങ്ങൾക്ക് തടസ്സമായി സമീപത്തു മെറ്റൽക്കൂനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

