സ്വർണം മുതൽ മാലിന്യക്കൂമ്പാരം വരെ പിണറായി വിറ്റുകാശാക്കുന്നു –വി.ഡി. സതീശൻ
text_fieldsപാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി
കൊല്ലം ഡി.സി.സിയിൽ നടന്ന വിഷൻ 24 നേതൃയോഗം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: സ്വർണക്കടത്ത് മുതൽ മാലിന്യക്കൂമ്പാരം വരെ വിറ്റ് കാശാക്കുന്ന അഴിമതി ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡി.സി.സിയിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽഗാന്ധിക്ക് ലഭിച്ച ജനപിന്തുണയിൽ മോദിക്കും, ബി.ജെ.പിക്കും ഹാലിളകി ഇരിക്കുന്നതിന്റെ ഫലമാണ് പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്നും രാഹുൽഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കാത്തതും.
പാർലമെന്റിൽ ബി.ജെ.പിയും മോദിയും സ്വീകരിക്കുന്ന അതേ നയമാണ് നിയമസഭയിൽ പിണറായിയും സ്പീക്കറും അനുവർത്തിക്കുന്നത്. അടിയന്തര പ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻമന്ത്രി വി.എസ്. ശിവകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ജന. സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, കെ.സി.രാജൻ, ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, ഷാനവാസ്ഖാൻ, എസ്. വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു.