വിദേശ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടാംപ്രതി പിടിയിൽ
text_fieldsഷമീം
ഇരവിപുരം: വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയുടെ പേരിൽ വിദേശ പഠനത്തിനും തൊഴിലിനും വിസ വാഗ്ദാനംചെയ്ത് നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ സ്ഥാപന നടത്തിപ്പുകാരനെ എയർപോർട്ടിൽ നിന്നും ഇരവിപുരം പൊലീസ് പിടികൂടി. വെണ്ടർമുക്കിൽ കാലിബ്രി കൺസൽട്ടൻസി സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായ മയ്യനാട് വെള്ളാപ്പിൽ മുക്ക് ഷീബ മൻസിലിൽ ഷമീം (36) ആണ് പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് തിരുവനന്തപുരം എയർപോർട്ടിൽവെച്ച് പിടിയിലായത്.
റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരുന്ന ഇയാൾ പള്ളിമുക്ക് എൻ.എൻ.സി ജങ്ഷനടുത്ത് പ്ലസ് ടു കഴിഞ്ഞുനിന്ന ഒരു വിദ്യാർഥിയുമായി സൗഹൃദത്തിലാകുകയും വിദ്യാർഥിയുടെ പിതാവും ബന്ധുക്കളുമായി സംസാരിച്ചശേഷം ലക്ഷങ്ങൾ വാങ്ങി എം.ബി.ബി.എസ് പഠനത്തിനായി ഈ വിദ്യാർഥിയെ റഷ്യയിലേക്ക് കൊണ്ടുപോകുകയും അവിടെ പഠനത്തിനായി ചേർക്കുകയും ചെയ്തു. തുടർന്ന് ഈ വിദ്യാർഥിയോട് ഒരു കൺസൾട്ടൻസി ആരംഭിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്നോടൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് വെണ്ടർ മുക്കിൽ കൺസൾട്ടൻസി ആരംഭിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ലൈസൻസും ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഷെമീമിന്റെ പേരിലായിരുന്നു.
ഇയാളൊടൊപ്പം വിദേശത്ത് പഠിക്കുന്ന കുട്ടികളെയും ഇയാൾ സ്ഥാപനത്തിൽ ഒപ്പംകൂട്ടി. വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി നിരവധിപേരിൽ നിന്നും പണംവാങ്ങിയ ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ ഇയാളോടൊപ്പം സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ കുടുംബക്കാരുമായി വഴക്കുണ്ടാകുകയും ഇരവിപുരം പൊലീസ് സ്ഥാപന നടത്തിപ്പുകാരിൽ ഒരാളായ ഇയാളടക്കം മൂന്നുപേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. വിദേശത്തേക്ക് കടന്ന ഇയാൾ ഒപ്പമുണ്ടായിരുന്ന ആരുമായും ബന്ധപ്പെടാതെ ഒളിവിൽ കഴിയുകയായിരുന്നു.
ദുബൈയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഷമീമിനെ ഇരവിപുരം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ മറ്റ് രണ്ടുപേരെ കൂടി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ പിടിയിലായ ഷമീം. കല്ലറ സ്വദേശി കഴിഞ്ഞവർഷം നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

