ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; സംഘാംഗം പിടിയിൽ
text_fieldsപിടിയിലായ ജോൺസൺ
കൊല്ലം: ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. എറണാകുളം പോണേക്കര വില്ലേജിൽ മീഞ്ചിറ റോഡിൽ പി.എൻ.ആർ.എ 144-ൽ ഗ്ലോറിയ ഭവനിൽ ജോൺസൺ (51) ആണ് പിടിയിലായത്.
ഷെയർ ട്രേഡിങ്ങിൽ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഇത് വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് ഷെയർ ട്രേഡിങ്ങിനേക്കാൾ മികച്ചത് ബ്ലോക്ക് ട്രേഡിങ്ങും ഇൻസ്റ്റിട്യൂഷണൽ ട്രേഡിങ്ങും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ബ്ലോക്ക് ട്രേഡിങ്ങ് ചെയ്യാനെന്ന വ്യാജേന പലതവണകളായി 15 ലക്ഷത്തിലധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്.
പൊലീസ് അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരുഭാഗം എറണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പൻവലിച്ചതായും കണ്ടെത്തി. അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും യുവതിയുടെ അക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും വ്യ്കതമായി. ഇതിനിടെ, സമാന രീതിയിലുള്ള തട്ടിപ്പിന് പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫർ എന്നിവരെ മലപ്പുറം പൊലീസ് പിടികൂടിയിരുന്നു.
ഇവരുടെ ഫോണിൽ നിന്നും എറണാകുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ലഭിച്ചതിനെ തുടർന്നാണ് തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ജോൺസനെ പോലീസ് തിരിച്ചറിഞ്ഞത്. കേരളത്തിൽ നിന്നടക്കം നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ കവർന്നെടുത്ത അന്തർദേശീയ തട്ടിപ്പ് സംഘമായ കംബോഡിയൻ സംഘത്തിന്റെ കേരളത്തിലെ മുഖ്യ കണ്ണികളാണ് ഹക്കീമും, മുഹമ്മദ് ജാഫറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

