ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലം: ടൂർ പാക്കേജ് നൽകുന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ രാഹുൽ കുമാർ(26), സാദ് സെയ്ഫി(21), ഹർപ്രീത് ബൻസൽ(27), ഗഗൻ സലൂജ(26), കപിൽ സിങ് (26), അങ്കിത് സിങ്(23) എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടക്കൽ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പിടിയിലായത്.
ഡിസംബർ 19ന് ടൂർ പാക്കേജ് നൽകുന്ന ക്ലബ് റിസോർട്ടോ എന്ന സ്ഥാപനത്തിൽ നിന്നെന്നപേരിൽ പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഈ സ്ഥാപനത്തിന്റെ മെംബർഷിപ് എടുത്താൽ രണ്ട് രാത്രി ഇന്ത്യയിലെവിടെയും താമസിക്കാനുള്ള ഗിഫ്റ്റ് വൗച്ചറും പ്രശസ്തമായ സിനിമ തിയറ്ററിലെ രണ്ട് ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് കൊല്ലം തേവള്ളിയിലുള്ള സ്വകാര്യ ക്ലബിൽ നടക്കുന്ന മെംബർഷിപ് കാമ്പയിൻ പങ്കെടുക്കുവാൻ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനിൽനിന്ന് ഒരു ലക്ഷം രൂപ മെമ്പർഷിപ് ഫീസായി വാങ്ങി വീണ്ടും ഒരു ലക്ഷം രൂപ കൂടി നൽകിയാലേ മെംബർഷിപ് വൗച്ചർ നൽകൂവെന്നുപറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ സംഘം മൂന്നുദിവസമായി ഇവിടെ മെംബർഷിപ് കാമ്പയിൻ നടത്തി നിരവധിപേരിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തി. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ജയലാൽ, എസ്.സി.പി.ഒമാരായ ശ്രീലാൽ, ദീപുദാസ്, രതീഷ്, സി.പി.ഒമാരായ സുരേഷ്, സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

