ഇൻഷുറൻസിനായി വ്യാജ തെളിവ്; അഭിഭാഷക ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്, മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകൊല്ലം: വാഹനാപകടക്കേസില്‍ ഇൻഷുറൻസ് തട്ടിയെടുക്കാൻ പൊലീസിനെ കബളിപ്പിച്ച് വ്യാജതെളിവ് നല്‍കിയതിന് അഭിഭാഷകയും ഗുമസ്തനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. ഇതിൽ അപകടത്തിൽ ഉൾപ്പെട്ട വനിതയും ഇവരെ തട്ടിപ്പിന് സഹായിച്ചവരും ഉൾപ്പെടെ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഷെര്‍ന, അജിത്ത്, വിനോദ് എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട അഭിഭാഷകയും ഗുമസ്തനും ആരെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. 2025 മേയ് 22ന് ഉച്ചക്ക് കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കേസിനാസ്പദമായ സംഭവം.
ഷെര്‍ന എന്ന യുവതി സഞ്ചരിച്ച വാഹനത്തില്‍ ഒരു വാഹനം ഇടിച്ചിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകിയപ്പോൾ ഇടിച്ചത് മറ്റൊരു വാഹനമാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഇവര്‍ വ്യാജ തെളിവുകൾ നല്കി. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന്, വ്യാജതെളിവ് നല്കിയ സംഘത്തിനെതിരെ കേസെടുക്കുകയുമായിരുന്നു.
അറസ്റ്റിലായ ഷെര്‍ന, അജിത്ത്, വിനോദ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

