കൊല്ലം ജില്ലയിലെ സ്വകാര്യ ബോട്ടുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധം
text_fieldsRepresentaional image
കൊല്ലം: ജില്ലയിലെ ജലാശയങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, എൻജിനില്ലാത്ത വള്ളങ്ങള്‍ എന്നിവക്ക് ഡി.ടി.പി.സി മുഖാന്തരമുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കി കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവായി. വിനോദയാത്രക്കായി ഉപയോഗിക്കുന്ന എല്ലാ യാനങ്ങളും നിര്‍ദിഷ്ട അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണം. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ്. അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പ് ലൈസന്‍സ് പുതുക്കുന്നതിന് നിബന്ധനകള്‍ പ്രകാരം അപേക്ഷിക്കണം.
രാത്രി താമസസൗകര്യമുള്ള ഹൗസ്ബോട്ടുകള്‍ ഒഴികെ എല്ലാ യാനങ്ങള്‍ക്കും പ്രവര്‍ത്തനസമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. ജൈവ-അജൈവ മാലിന്യം ജലാശയങ്ങളിലോ സമീപ പ്രദേശങ്ങളിലോ നിക്ഷേപിക്കരുത്. മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്കരണത്തിനുമായി പ്രകൃതിസൗഹൃദ ശാസ്ത്രീയ സംവിധാനം ഉണ്ടായിരിക്കണം. ജലാശയം മലിനമാക്കരുത്. രാത്രി താമസസൗകര്യമുള്ള ഹൗസ്ബോട്ടുകള്‍ രാവിലെ ആറ് മുതല്‍ ഉപയോഗിക്കാം.
വൈകീട്ട് ആറിന് സുരക്ഷിതമായ സ്ഥലത്ത് ഡോക്ക് ചെയ്യണം. ക്രൂയിസ് ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവ തുക/വാടക ഡി.ടി.പി.സി അംഗീകാരത്തോടെ നിശ്ചയിക്കണം. ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. സര്‍വിസ് രജിസ്റ്റര്‍ ഹൗസ്ബോട്ട് ഓഫിസില്‍ സൂക്ഷിക്കണം. പ്ലാസ്റ്റിക്-പ്ലാസ്റ്റിക് നിർമിത വസ്തുക്കള്‍ അനുവദനീയമല്ല. ഡീസല്‍ ജനറേറ്റര്‍ സെറ്റ് പരിസ്ഥിതി സൗഹൃദമായിരിക്കണം. നിശ്ചിത ഇടങ്ങളില്‍ ബോട്ടുകള്‍ പാര്‍ക്ക് ചെയ്യാം. ജലകായിക വിനോദങ്ങള്‍ക്ക് ഡി.ടി.പി.സി അനുവദിക്കുന്ന സ്ഥലംമാത്രം ഉപയോഗിക്കാം. നിയമാനുസൃത ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് വാര്‍ഷിക പരിശോധന നടത്തും.
അപേക്ഷ ഫോമിനൊപ്പം അണ്ടര്‍ ടേക്കിങ്, ബോട്ട് രജിസ്ട്രേഷന്, ലൈസന്‍സ് (ക്രൂ ലൈസന്‍സ്) സര്‍വേ, പൊല്യൂഷന്‍, ജലഗതാഗത യോഗ്യമാണോയെന്ന് തെളിയിക്കുന്നത്, ഇന്‍ഷുറന്‍സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് സ്വയംസാക്ഷ്യപ്പെടുത്തി രജിസ്ട്രേഷന് ഹാജരാക്കണം. ടൂറിസം വകുപ്പ്, ഡി.ടി.പി.സി, പഞ്ചായത്ത് എന്നിവ ഉള്‍പ്പെടുന്ന കൗണ്‍സില്‍ ജലയാനപരിശോധനക്കായി രൂപവത്കരിക്കും.
കേരള മാരിടൈം ബോര്‍ഡില്‍നിന്ന് ലഭ്യമായ അഞ്ച് വര്‍ഷ കാലാവധിയുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ സര്‍വേ സര്‍ട്ടിഫിക്കറ്റ്, യാനങ്ങളിലെ ജീവനക്കാരുടെ ലൈസന്‍സുകളുടെ പകര്‍പ്പ് എന്നിവ യാനത്തില്‍ ഉണ്ടാകണം. ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

