ഓണമെത്തിയിട്ടും അതിർത്തിയിൽ പരിശോധനയില്ല
text_fieldsപുനലൂർ: ഓണക്കാല കച്ചവടത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ ആര്യങ്കാവിൽ അനുവദിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചെക്പോസ്റ്റ് ഇനിയും പ്രവർത്തനം തുടങ്ങിയില്ല.
ഇത് മനസിലാക്കി പരിശോധനയില്ലാതെ പരമാവധി ഭക്ഷ്യസാധനങ്ങൾ ഇതിനകം ആര്യങ്കാവ് വഴി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. പ്രത്യേകിച്ചും വെളിച്ചെണ്ണയുടെ വിലവർധനവ് കണക്കിലെടുത്ത് ഭക്ഷ്യയോഗ്യമല്ലാത്തതും സംസ്ഥാനത്ത് വിൽപ്പന നിരോധിച്ചിരിക്കുന്നതുമായ വെളിച്ചെണ്ണ ഉൾപ്പെടെ ധാരാളമായി കൊണ്ടുവരുന്നു. തെക്കൻ ജില്ലകളിൽ ആവശ്യമായ പച്ചക്കറി, പഴവർഗങ്ങൾ മത്സ്യം-മാംസം, പലവ്യഞ്ജനം തുടങ്ങിയവ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നത് പ്രധാനമായും ആര്യങ്കാവ് വഴിയാണ്.
നിലവിൽ പാൽപരിശോധന കേന്ദ്രം ഇവിടെയുണ്ട്. മറ്റൊന്നും യാതൊരു പരിശോധനയും ഇല്ലാതാണ് ഇവിടെ എത്തിക്കുന്നത്. ഉത്സവ സീസണുകളിൽ അധികമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി ഉത്പാദിപ്പിക്കുന്നത് മാരകമായ കീടനാശിനി ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. കൂടാതെ പാലും പാലുൽപന്നങ്ങളും മത്സ്യവും മാംസവും കേടാകാതിരിക്കാൻ മാരകമായ കീടനാശിന് ഉൾപ്പെടെ ഉപയോഗിച്ചാണ് എത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും ഫോർമലിൻ ചേർത്ത് എത്തിക്കുന്ന മത്സ്യവും പരിശോധിക്കാൻ സംവിധാനമില്ല. ലോഡ് കണക്കിന് ഇത്തരം മത്സ്യം ആര്യങ്കാവിലും മറ്റുമാർക്കറ്റുകളിൽ നിന്നും ഭക്ഷ്യസുരക്ഷ അധികൃതർ പിടികൂടി നശിപ്പിച്ചിരുന്നു. ചെക്ക്പോസ്റ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെ ഇതുവരെ അനുവദിച്ചിട്ടില്ല. കൂടാതെ ലാബോറട്ടറി, വാഹനങ്ങൾ തടഞ്ഞുനിർത്താനുള്ള ബാരിക്കേഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. പേരിനുവേണ്ടി അടുത്ത ദിവസങ്ങളിൽ പരിശോധന ആരംഭിച്ചാലും ഓണവിപണിയിലേക്കുള്ള ഒട്ടുമിക്ക സാധനങ്ങളും ഇതിനകം അതിർത്തി കടന്നതിനാൽ കാര്യമായ പ്രയോജനവും കിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

