ഭക്ഷ്യസുരക്ഷാ പരിശോധന; 122 സ്ഥാപനങ്ങൾക്ക് നോട്ടീസ്, പിഴ ഈടാക്കിയത് 4.16 ലക്ഷം
text_fieldsകൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ജില്ലയിൽ നടത്തിയ പരിശോധനകളുടെ ഭാഗമായി ഈടാക്കിയത് 4.16 ലക്ഷം രൂപ പിഴ. കലക്ടർ ആനി ജൂല തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷ അവലോകന യോഗത്തിലാണ് ഭക്ഷ്യസുരക്ഷ അസി. കമീഷണർ സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചത്.
ഗുരുതര ന്യൂനതകൾ കണ്ടെത്തിയ 122 സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. ഇവയിൽ 111 സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. ഭക്ഷ്യസുരക്ഷ മാനദണ്ഡം പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 23 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽകാലികമായി നിർത്തിച്ചു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 253 സ്ഥാപനങ്ങൾക്ക് പരിഹരിക്കുന്നതിന് നോട്ടീസ് നൽകി.
ആകെ 2148 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 1016 സാമ്പിളുകൾ ലാബ് പരിശോധനക്ക് അയച്ചു. ഇതിൽ 22 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകൾ ഗുണനിലവാരം കുറഞ്ഞതായും ഒമ്പത് സാമ്പിളുകളിൽ ലേബൽ വിവരങ്ങൾ അപൂർണമായും കണ്ടെത്തി.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം 23 പ്രോസിക്യൂഷൻ കേസുകൾ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും നിലവാരമില്ലാത്തതും ലേബൽ വിവരങ്ങൾ അപൂർണമായതുമായ ഭക്ഷ്യവസ്തുക്കൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ 34 കേസുകൾ ആർ.ഡി.ഒ കോടതികളിലും ഫയൽ ചെയ്തിട്ടുണ്ട്. മീനും ഇറച്ചിയുമടക്കം എല്ലാവിധ ഭക്ഷ്യവസ്തുക്കളുടെയും പരിശോധന കർശനമാക്കണമെന്ന് കലക്ടർ നിർദേശിച്ചു.

