പ്രളയ രക്ഷാപ്രവര്‍ത്തനം: ജില്ലയില്‍ അഞ്ചിടങ്ങളില്‍ മോക്ഡ്രില്‍ ഇന്ന്
text_fieldsrepresentational image
കൊല്ലം: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജില്ലതലത്തിലും താലൂക്ക് അടിസ്ഥാനത്തിലും അഞ്ചിടങ്ങളിലായി വ്യാഴാഴ്ച മോക്ഡ്രില്ലുകള് സംഘടിപ്പിക്കും. സംസ്ഥാന-ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് നടപടി.
കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ പ്രളയ ദുരിതാശ്വാസം, ദുരിതബാധിത മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ മോക്ഡ്രില്ലും കുന്നത്തൂര്‍ താലൂക്കിലെ നെടിയവിളയില്‍ മുന്‍കരുതല്‍ രക്ഷാപ്രവര്‍ത്തനവും സംഘടിപ്പിക്കും.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് ഉണ്ടായാലുള്ള രക്ഷാപ്രവര്‍ത്തനമാണ് പുനലൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട തെന്മലയില് നടത്തുക. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹോസ്പിറ്റല്‍ ഇവാക്വേഷന്, കരുനാഗപ്പള്ളിയിലെ കെ.എം.എം.എല്ലില്‍ വ്യാവസായിക മേഖലകളിലെ അപകടങ്ങളുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന മോക്ഡ്രില്ലും സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് മോക്ഡ്രില്ലുകള് ആരംഭിക്കും.
ജില്ലയിലെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. മോക്ഡ്രില്‍ പുരോഗതി വിലയിരുത്താന്‍ സി.ആര്.പി.എഫിലെ അഞ്ച് ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍കൂടിയായ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു.