മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചുകയറി ഒഴിവായത് വൻ ദുരന്തം
text_fieldsശക്തികുളങ്ങരയിൽ കരയിലേക്ക് ഇടിച്ചുകയറിയ ബോട്ട്
കൊല്ലം: തകരാർ പറ്റിയതിനെ തുടർന്ന് കെട്ടിവലിച്ചുകൊണ്ടുവരവെ മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ യഥാസമയം പുറത്തേക്ക് ചാടിരക്ഷപെട്ടതിനാൽ ഒഴിവായത് വൻ അത്യാഹിതം. അപകടത്തിന് പിന്നിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ കടുത്ത അനാസ്ഥയാണെന്നും ബോട്ട് രക്ഷിച്ചെടുക്കുന്നതിൽ യഥാസമയം ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ബോട്ടും സാധനങ്ങളും വീണ്ടെടുക്കാൻ കഴിയാനാകാത്തവിധം നശിച്ചതോടെ 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
ശക്തികുളങ്ങര പള്ളിക്ക് തെക്കുഭാഗത്ത് ആയി തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ശക്തികുളങ്ങരയിൽ നിന്ന് അഞ്ചുതെങ്ങ് മേഖലയിലേക്ക് ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ‘കൈരളി’ എന്ന ബോട്ട് ആണ് കരയിൽ ഇടിച്ചുകയറി വെള്ളത്തിൽ മുങ്ങിയത്. 13 മത്സ്യതൊഴിലാളികൾ ബോട്ടിനുള്ളിൽ ഉണ്ടായിരിക്കെകയാണ് ബോട്ട് കരയിലേക്ക് കടൽഭിത്തി വരുന്ന ഭാഗത്തായി ഇടിച്ചുകയറിയത്. രക്ഷപെടാൻ എടുത്തുചാടിയ തൊഴിലാളികളിൽ അഞ്ച് പേർക്ക് നിസാര പരിക്കേറ്റു. നീണ്ടകര പുത്തൻതുറ ഇലവൻ വീട്ടിൽ ജഗേഷിന്റെ ഉടമസ്ഥതയിൽ ഉള്ള ബോട്ട് ആണ് അപകടത്തിൽപെട്ടത്.
10 ലക്ഷം രൂപ മുടക്കി അറ്റകുറ്റപണി നടത്തി ട്രോളിങ് നിരോധന കാലയളവിനെ തുടർന്ന് കടലിൽ ഇറക്കിയ ബോട്ടാണ്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ അഞ്ചുതെങ്ങ് തീരത്തിന് സമീപം കടലിൽ ബോട്ടിന്റെ പ്രവർത്തനം നിലച്ചു. സ്രാങ്ക് ആയ എം.മണികണ്ഠനും 12 ഇതര സംസ്ഥാന തൊഴിലാളികളും കടലിൽ ബോട്ടിൽ കുടുങ്ങി.
ബോട്ടിന്റെ എൻജിന് തകരാർ സംഭവിച്ചെന്ന സംശയത്തിൽ കെട്ടിവലിക്കേണ്ടി വരുമെന്ന വിവരം ശനിയാഴ്ച വൈകിട്ട് ആറോടെ ഉടമ ജഗേഷിനെ തൊഴിലാളികൾ അറിയിച്ചു. ഇദ്ദേഹം രാത്രി ഒൻപതോടെ നീണ്ടകര കോസ്റ്റൽ പൊലീസിനെ വിവരം അറിയിക്കുകയും ബോട്ട് തിരിച്ചെത്തിക്കുന്നതിന് സഹായം തേടുകയും ചെയ്തു. എന്നാൽ, അടിയന്തരമായി ഇടപെടൽ ഉണ്ടായില്ല. ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് മറൈൻ എൻഫോഴ്സ്മെന്റ് കിടക്കുന്ന ബോട്ട് കണ്ടെത്താൻ യാത്രതിരിച്ചതെന്ന് ഉടമ പറയുന്നു.
ഇവർ അഞ്ചുതെങ്ങ് മേഖലയിൽ എത്തി ബോട്ട് കണ്ടെത്തി പരിശോധിച്ചപ്പോൾ ഗിയർ തകരാർ ആണെന്ന് കണ്ടെത്തുകയും വടം ഉപയോഗിച്ച് തങ്ങളുടെ ബോട്ടുമായി കെട്ടി തിരികെ കൊണ്ടുവരികയുമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ശക്തികുളങ്ങര ഹാർബറിന്റെ പുലിമുട്ടിന് 20 മീറ്ററോളം അടുത്തെത്തിയപ്പോൾ, മുന്നിൽ വലിച്ചുകൊണ്ടുവന്ന ബോട്ട് പെട്ടെന്ന് വെട്ടിച്ച് ദിശമാറ്റി. ഈ ബോട്ട് വേഗത്തിൽ മുന്നോട്ട് പോയതോടെ ‘കൈരളി’ ബോട്ടുമായി ചേർത്തുകെട്ടിയിരുന്ന വടംപൊട്ടുകയും ഈ ബോട്ട് ദിശതെറ്റി കടലിൽ ഒഴുകി കരയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ബോട്ട് അപകടത്തിൽ പെട്ടത് അറിയാതെ മറൈൻ ബോട്ട് ഓടിച്ചുപോയി.
‘കൈരളി’ ശക്തമായി കരയിൽ ഇടിച്ചുചരിഞ്ഞുതുടങ്ങിയതോടെ അപകടം മുന്നിൽ കണ്ട് തൊഴിലാളികൾ പുറത്തേക്ക് ചാടുകയായിരുന്നു. അപകടം ഉണ്ടായി ബോട്ട് മുങ്ങുന്ന നിലയിലായിട്ടും കോസ്റ്റൽ, ഫിഷറീസ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉണ്ട്. തിങ്കളാഴ്ച രാവിലെയാണ് വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് എത്തിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറും സ്ഥലത്തെത്തി രണ്ട് മണിക്കൂറിനകം ബോട്ട് കരക്കെടുത്ത് നൽകാം എന്ന് വാഗ്ദാനം ചെയ്തതല്ലാതെ വെള്ളം കയറി മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് രക്ഷിച്ചെടുക്കാൻ യാതൊന്നും അധികൃതർ ചെയ്തില്ല എന്നാണ് ആക്ഷേപം. ആദ്യം ചരിഞ്ഞ നിലയിലാണ് ബോട്ട് ഉണ്ടായിരുന്നത്.
തുടർന്ന് വെള്ളവും മണലും കയറി കൂടുതൽ മുങ്ങുന്ന നിലയിലായി. രാവിലെ രക്ഷാപ്രവർത്തനത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ബോട്ട് ഉപയോഗശൂന്യമായി നശിക്കാതെ കരക്ക് എത്തിക്കാൻ കഴിയുമായിരുന്നു എന്ന് ഉടമയും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് ആണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്ത് എത്തിയത്. തങ്ങളുടെ പ്രതിഷേധം ഉടമയും മത്സ്യതൊഴിലാളികളും അറിയിച്ചു. എന്നാൽ, തിങ്കളാഴ്ച വൈകിയും ബോട്ട് കരയിൽ കയറ്റാൻ യാതൊരു നടപടിയും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

