ചെറുമീനുകളെത്തി; മീൻ വില താഴേക്ക്
text_fieldsശക്തികുളങ്ങര ഹാർബറിൽ ബോട്ടുകൾക്ക് ലഭിച്ച കരിക്കാടി
കൊല്ലം: വലനിറച്ച് ചെറുമീനുകളെത്തിയതോടെ മീൻവില താഴേക്ക്. കിളി, മത്തി, അയല തുടങ്ങിയ മീനുകൾക്കെല്ലാം വില കുറഞ്ഞു. 300 രൂപ കൊടുത്താൽ മാത്രം കിട്ടിയിരുന്ന കിളിമീൻ ഇപ്പോൾ 100 രൂപയിൽ താഴെയാണ് മാർക്കറ്റ് വില. എന്നാൽ, ഹാർബറിൽ ലഭിക്കുന്നതാകട്ടെ ചെറിയ കിളിമീനിന് 40-50 രൂപയും വലുതിന് 100 രൂപക്കുമാണ്. മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയലക്ക് മാർക്കറ്റ് വില. വലിപ്പം കൂടിയവക്ക് വില അൽപം കൂടുതൽ നൽകേണ്ടിവരും.
ഹാർബറിൽ 50 മുതൽ 60 രൂപവരെയാണ് അയലവില. മുന്നൂറും കടന്ന് മുന്നേറിയ മത്തി ഒടുവിൽ സാധാരണക്കാരുടെ കൈയെത്തും ദൂരത്ത് എത്തിയെങ്കിലും ലഭ്യത കുറവാണെന്നാണ് ബോട്ടുകാർ പറയുന്നു. 52 ദിവസംനീണ്ട ട്രോളിങ് നിരോധനത്തിനുശേഷം വലിയ പ്രതീക്ഷകളുമായി കടലിലേക്കുപോയ യന്ത്രവല്കൃത ബോട്ടുകൾക്ക് ആദ്യദിനങ്ങളിൽ തിരിച്ചെത്തിയപ്പോൾ കാര്യമായ മീനുകൾ ലഭിച്ചിരുന്നില്ല. എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ കടലിൽ പോകുന്നവരുടെ എണ്ണം വർധിക്കുകയും ഇവർക്കെല്ലാം മത്സ്യം സുലഭമായതുമാണ് ഇപ്പോൾ വിലക്കുറവിലേക്ക് എത്തിയിരിക്കുന്നത്.
ലഭ്യത വർധിച്ചതോടെ ഹാർബറുകഴിൽ വലിയതോതിൽ മീൻ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഹാർബറുകളിൽ കൂടുതലായും എത്തുന്നത് കിളി, കൊഞ്ച്, അയല, മത്തി എന്നിവയാണ്. ചൂര, നെയ്മീൻ പോലുള്ള വലിയ മീനുകൾ കൂടുതലും ചൂണ്ടക്കാർക്കാണ് ലഭിക്കാറ്. വലിയ മീനുകളുടെ വരവ് കുറവാണെന്ന് ബോട്ടുടമകളും പറയുന്നു. കൊഞ്ച് വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ പലവിലക്കാണ് ലഭിക്കുന്നത്. വലിപ്പമേറിയ പൂവാലൻ കൊഞ്ചിന് 180മുതൽ 200 രൂപവരെ ഹാർബറിൽ ഉണ്ട്. ജില്ലയുടെ തീരങ്ങളിൽ സുലഭമായ കരിക്കാടിക്കാകട്ടെ 80 മുതൽ 90 രൂപവരെയാണ് വില.
ചൂരക്ക് ഹാർബറിൽ 160 മുതൽ 180 രൂപവരെയാണ് വില. കണവയുടെ വരവാകട്ടെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബോട്ടുകൾക്കാണ് കൂടുതലായും അയല ലഭിക്കുന്നത്. ചെറിയ അയലയാണ് ഇപ്പോൾ സുലഭമായി ലഭിക്കുന്നത്. അയലയുടെ വിലയിലും വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ചെറുമത്സ്യം സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും ചിലവിനുള്ളതുപോലും ചില ദിവസങ്ങളിൽ ലഭിക്കുന്നില്ലെന്നും അമ്പതോളം തൊഴിലാളികളുമായി പോകുന്ന ബോട്ടിൽ ഡീസലിന്റെ തുകയൊഴിച്ച് ചിലദിവസങ്ങളിൽ തൊഴിലാളികൾക്ക് 500 രൂപപോലും കൊടുക്കാൻ കഴിയില്ലെന്നും ബോട്ടുടമകൾ പറയുന്നു. ഇടനിലക്കാരാണ് മീൻ വിലയിൽ കാര്യമായ ലാഭമുണ്ടാക്കുന്നതെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

