ദീപാവലി വർണശബളമാക്കാൻ പടക്കവിപണി
text_fieldsകൊല്ലം: ദീപാവലി വർണശബളമാക്കാൻ അപകടരഹിതവും നൂതനവുമായ പടക്കങ്ങളുമായി വിപണി സജീവം. രണ്ട് ദിവസമായി പെയ്യുന്ന മഴ ചെറിയ ആശങ്ക ഉണ്ടാക്കുന്നെങ്കിലും വരുംദിവസങ്ങളിൽ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കൊല്ലം നഗരപ്രദേശത്ത് എട്ടോളം കടകൾക്കാണ് പടക്കം വിൽക്കാൻ ലൈസൻസ് ലഭിച്ചത്. പതിവുപോലെ ശിവകാശിയില്നിന്നാണ് ഇത്തവണയും പടക്കം കൂടുതലായി എത്തിയത്. ആയിരത്തിലധികം ഇനങ്ങളാണ് വിപണിയിലുള്ളത്. 10 മുതൽ 5000 രൂപക്ക് മുകളിൽ വിലവരുന്ന ഇനങ്ങളുണ്ട്. ശബ്ദത്തേക്കാൾ നിറങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് കൂടുതൽ ഇനങ്ങളും. കൂടുതൽ വർണപ്പൊലിമ തീർക്കുന്ന ചൈനീസ് ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. തീയിൽ കൈവെച്ചാൽപോലും പൊള്ളാത്ത കൂൾ ഫയറുകളാണ് മുഖ്യ ആകർഷണം.
വാട്ടർ ഫൗണ്ടനാണ് ഇത്തവണത്തെ പ്രത്യേക ഇനം. പൊള്ളലേൽക്കാൻ സാധ്യതയില്ലാത്ത വാട്ടർ ഫൗണ്ടന് 100 മുതൽ 300 രൂപ വരെയാണ് വില. മയൂരനൃത്തം പോലെ മനോഹാരിത വിടർത്തുന്ന പീക്കോക്ക് മറ്റൊരു ആകർഷണം. 100 രൂപ മുതൽ ലഭിക്കും. അഞ്ച് സെ.മീ മുതൽ 50 സെ.മീ വരെ നീളമുള്ള കമ്പിത്തിരിക്കും ആവശ്യക്കാരെറെയാണ്.
ഹെലികോപ്റ്റർ, ക്രാക്ലിങ് കോക്കനട്ട്, ഡ്രോൺ തുടങ്ങി കാഴ്ചയിലും പേരിലും പുതുമകൾ നിരവധിയാണ്. കത്തിച്ചുവിട്ടാൽ ആകാശത്ത് പോയി പൊട്ടി വർണങ്ങൾ നിറക്കുന്ന ഇനങ്ങളാണ് വിപണിയിൽ മുൻപന്തിയിലുള്ളത്. സിംഗിൾ ഷോട്ട്, 15 ഷോട്ട്, 30 ഷോട്ട് തുടങ്ങി 240 ഷോട്ട് വരെയുള്ള പടക്കങ്ങളുണ്ട്. നാല്പതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളും വിപണിയിലുണ്ട്. മത്താപ്പ്, ചക്രം, കയര് തുടങ്ങിയ പതിവുതാരങ്ങളും ഒപ്പമുണ്ട്.
അപകടരഹിതമായി കൈകാര്യം ചെയ്യാനാവുംവിധം സുരക്ഷിതമായ പടക്കങ്ങളാണ് ഇത്തവണ എത്തിച്ചിരിക്കുന്നത് ചിന്നക്കട ക്ലോക്ക് ടവറിനു സമീപമുള്ള കെ ആൻഡ് കെ ക്രാക്കേഴ്സ് ഉടമ എ. മണികണ്ഠൻ പറഞ്ഞു. പൊള്ളലേൽക്കാത്തതും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ളതുമായ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

