ലിഫ്റ്റിൽ കുടുങ്ങി യുവാവ്; രക്ഷകരായി അഗ്നിരക്ഷാസേന
text_fieldsകൊല്ലം: നഗരമധ്യത്തിലെ ഓഫിസിനുള്ളിലെ ലിഫ്റ്റിൽ ഒരു മണിക്കൂറോളം കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചിന്നക്കടയിലെ ബി.എസ്.എൻ.എൽ ഓഫിസ് കെട്ടിടത്തിലെ ലിഫ്റ്റിൽ ആണ് ശനിയാഴ്ച ഉച്ചക്ക് യുവാവ് കുടുങ്ങിയത്. വടക്കേവിള സ്വദേശിയായ കൊറിയർ ഡെലിവറി ജീവനക്കാരൻ ഷാനവാസ് ആണ് കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. രണ്ടാം നിലയിൽ ഡെലിവറി നൽകാൻ എത്തിയ യുവാവ് തിരിച്ച് ഇറങ്ങുമ്പോൾ, ഗ്രൗണ്ട് ഫ്ലോറിന് തൊട്ടുമുകളിൽ വച്ച് ലിഫ്റ്റ് പ്രവർത്തനം നിലച്ചു. ലിഫ്റ്റിനുള്ളിൽ ഉണ്ടായിരുന്ന എമർജൻസി നമ്പർ പ്രവർത്തിപ്പിച്ചിട്ടും നമ്പറുകളിൽ വിളിച്ചിട്ടും ഫലമുണ്ടായില്ല.
സുരക്ഷാജീവനക്കാരെ ബന്ധപ്പെടുന്നതിനുള്ള നമ്പർ ഉൾപ്പെടെ ആണ് വിളിച്ചിട്ട് മറുപടി ലഭിക്കാതിരുന്നത്. തുടർന്ന് ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാവ് ഉച്ചക്ക് 2.25ഓടെ അഗ്നിരക്ഷാസേനയെ വിളിച്ചു. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന യൂനിറ്റ് സ്ഥലത്ത് എത്തിയപ്പോഴാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നവർ വിവരമറിഞ്ഞത്. വാതിലിന് സമീപത്തായാണ് ലിഫ്റ്റ് നിന്നിരുന്നത്. ലിഫ്റ്റ് കീ കൊണ്ട് തുറന്നപ്പോൾ, മുകളിലൂടെ യുവാവിനെ പെട്ടെന്ന് പുറത്തെത്തിക്കുന്നതിന് ഇത് സഹായിച്ചു.
ലിഫ്റ്റിൽ ലൈറ്റ് ഉൾപ്പെടെ തെളിഞ്ഞിരുന്നതിനാൽ മറ്റുള്ളവർ ശ്രദ്ധിച്ചില്ല എന്നതാണ് വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറ്റകുറ്റപണി നടത്തിയ ലിഫ്റ്റ് ആണ് പ്രവർത്തനംനിലച്ചുനിന്നത്. കടപ്പാക്കട അഗ്നിരക്ഷാനിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സജി സൈമൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ.രഞ്ജിത്ത്, ലിന്റുദാസ്, അഖിൽ, ഷെഫീക്, ഡ്രൈവർ ഹാമിൽട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

