കൊട്ടിയത്ത് ഡിജിറ്റൽ കളർ ലാബിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsകൊട്ടിയം: ദേശീയപാതയിൽ കൊട്ടിയത്ത് സർവീസ് റോഡിനടുത്തുള്ള ഡിജിറ്റൽ കളർ ലാബിൽ വൻ തീപിടിത്തത്തിൽ വലിയ നാശനഷ്ടവും ലക്ഷങ്ങളുടെ നഷ്ടവും. തീപിടുത്തത്തിൽ കൊട്ടിയവും പരിസരവും പുകകൊണ്ട് മൂടി. ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.45ഓടെ കൊട്ടിയം ജങ്ഷന് അടുത്തുള്ള ഷാർപ്പ് ഡിജിറ്റൽ സ്റ്റുഡിയോ ലാബിലാണ് തീപിടുത്തം ഉണ്ടായത്. ലാബ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിൽ ലാമിനേഷനും മറ്റും നടത്തുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന ട്യൂബ് ലൈറ്റ് ആദ്യം പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് ജീവനക്കാരികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവർ പുറത്തിറങ്ങുമ്പോഴേക്കും തീ ബാറ്ററിയിലേക്ക് പിടിക്കുകയും പൊട്ടിത്തെറി ഉണ്ടാകുകയും ചെയ്തു. തുടർന്ന് തീ ആളിപ്പടർന്നു. മറ്റ് ജീവനക്കാർ ഉച്ചഭക്ഷണത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കടയിൽ തീ പിടിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പരവൂർ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേനയുടെ അഞ്ച് യൂനിറ്റും കൊട്ടിയം പൊലീസും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തെ തുടർന്ന് അടുത്തുള്ള കടയുടെ മുകളിൽ ഇരുന്ന വാട്ടർ ടാങ്കും പൊട്ടിത്തെറിച്ചു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീ പിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന മെഷീനുകളും നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കൊട്ടിയം ജങ്നിൽ തടിച്ചുകൂടിയത്. ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്ന് സംശയിക്കുന്നു. സർവിസ് റോഡിനോട് ചേർന്ന് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

