പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല; അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊല്ലം: ആക്രമിക്കപ്പെട്ടയാളിന്റെ പരാതി പൊലീസ് രജിസ്റ്റർ ചെയ്യാത്തതിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് ഒരു സംഘമാളുകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ആയുർ സ്വദേശി ജിജോ ടി. ലാലിന്റെ പരാതിയിൽ ചടയമംഗലം പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെന്നാണ് ആക്ഷേപം.
ഇതിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. ദേഹോപദ്രവത്തിൽ പരിക്ക് പറ്റിയതിന്റെ രേഖകൾ പരാതിക്കാൻ കമീഷനിൽ സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
കമ്മീഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അതിൽ കേസെടുത്തതിനെകുറിച്ച് പരാമർശമുണ്ടായിരുന്നില്ല. അതേസമയം, പരാതിക്കാരൻ ചടയമംഗലം എസ്.എച്ച്.ഒ.ക്ക് എതിരെ നൽകിയ കേസ് പുനലൂർ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്.എച്ച്.ഒക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ കോടതിക്ക് കൈമാറിയതായും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട് .
2024 നവംബർ 28 ന് ചടയമംഗലം സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ എസ്.എച്ച്.ഒ തന്നെ മൃഗീയമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവുണ്ടായതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. അന്ന് പരാതിക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ ക്ഷുഭിതനായ എസ്.എച്ച്.ഒ. ഫെബ്രുവരി 16ന് ചിലരുടെ സഹായത്തോടെ പൊതുമധ്യത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതെന്ന് ചൂണ്ടികാട്ടിയതോടെയാണ് അന്വേഷണത്തിന് ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

