സര്‍ക്കാര്‍ കടവുകളിലെ കടത്തുവള്ള സര്‍വിസ് നിലച്ചു
text_fieldsമുക്കടവ്-ശാസ്താംകോണം കടത്ത് സര്‍വിസ് നടത്തിയിരുന്ന വള്ളം കരയിലേക്ക് കയറ്റി െവച്ച നിലയിൽ
പത്തനാപുരം: കല്ലടയാറ്റിലെ മുക്കടവ്-ശാസ്താംകോണം പ്രധാന കടവിലെ വള്ളം സര്‍വിസ് നിലച്ചു. അരനൂറ്റാണ്ടോളം ഒരു ദേശത്തിന്റെയാകെ ഗതാഗതസംവിധാനമായിരുന്ന വള്ളങ്ങളാണ് ഇല്ലാതായത്.
നിരവധി നാളായി മുക്കടവ്, ശാസ്താംകോണം, കല്ലുമല, എലിക്കാട്ടൂര്‍ ഭാഗങ്ങളിലെ ആളുകള്‍ കൂടുതലും ആശ്രയിച്ചിരുന്നത് ഇവിടത്തെ കടത്തിനെയായിരുന്നു. കടത്ത് നിലച്ചതോടെ ആയിരത്തിലധികം കുടുംബങ്ങളാണ് യാത്രാസംവിധാനമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.
സര്‍ക്കാര്‍ വള്ളങ്ങളുടെ സര്‍വിസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പുനലൂര്‍ നഗരസഭ ആകുന്നതിന് മുമ്പ് പഞ്ചായത്തായിരുന്ന കാലത്താണ് കടത്തുകള്‍ ആരംഭിച്ചത്. ഇവിടെ ഉണ്ടായിരുന്ന വള്ളക്കാരെല്ലാം സര്‍ക്കാര്‍ വേതനം കൈപ്പറ്റുന്നവരായിരുന്നു.
സര്‍വിസ് വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുക ലഭ്യമല്ലാതായതോടെയാണ് കടത്ത് നിലച്ചതെന്ന് കടത്തുകാര്‍ പറയുന്നു. തുടര്‍ന്ന് ഈ തൊഴില്‍ മേഖലയിലേക്ക് ആരും വരാതെയായി. മുക്കടവ്, ശാസ്താംകോണം ഭാഗത്തുള്ളവര്‍ നിലവില്‍ സമീപത്തെ പട്ടണങ്ങളിലേക്ക് എത്തുന്നതിന് ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
100 രൂപയിലധികം മുടക്കി ഓട്ടോകളെയാണ് ആശ്രയിക്കുന്നത്. സുരക്ഷിത യാത്രക്കായി കടത്തോ പാലമോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. കിഴക്കന്‍ മേഖലയില്‍ മുക്കടവ് മുതല്‍ ഏനാത്ത് വരെയുള്ള പത്തിലധികം കടവുകളിലെ വള്ളങ്ങള്‍ പൂര്‍ണമായും ഇല്ലാതായി.
ഒരുകാലത്ത് ഏറ്റവും കൂടുതൽ ജനം ഉപയോഗിച്ചുകൊണ്ടിരുന്ന കടത്ത് വള്ളങ്ങളായിരുന്നു. രാത്രിയിലും പകലും കടത്ത് വള്ളങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കടവായിരുന്നിത്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം കടത്തുവള്ളങ്ങളെ ആശ്രയിച്ചിരുന്നു.
നിലവില്‍ അയ്യന്‍കാളി ആര്‍ട്സ് കോളജ്, കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കുരിയോട്ടുമല ആദിവാസി കോളനി എന്നിവക്ക് സമീപമാണ് കടത്തുവള്ളത്തിന്റെ സര്‍വിസ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ കടത്തുകളില്‍ ഉണ്ടായിരുന്ന വള്ളങ്ങള്‍ മിക്കതും കടവുകളില്കിടന്ന് നശിച്ചു. ടൂറിസം വികസനത്തിന്റെ ഭാഗമായി വള്ളങ്ങള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം പാഴായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

