വന്യജീവി ആക്രമണ ഭീതിയിൽ ജനം; മുഖം തിരിച്ച് അധികൃതർ
text_fieldsകറവൂരിൽ പട്ടാപകൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ
പത്തനാപുരം: ഏതു സമയവും ജീവൻ അപകടത്തിലാകാമെന്ന അവസ്ഥയിലാണ് കിഴക്കൻ മേഖലയിലെ ടാപ്പിങ് തൊഴിലാളികൾ. ദിനം പ്രതി വന്യ ജീവി ആക്രമണം വർധിച്ചിട്ടും കൃത്യമായ പരിഹാരം കാണാൻ അധികൃതർക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം, വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപെട്ട സംഭവത്തിന്റെ ഭീതി നാട്ടുകാരിൽ വിട്ടുമാറിയിട്ടില്ല. ടാപ്പിങ് തൊഴിലായി സ്വീകരിച്ചവരാണ് മേഖലയിൽ ഏറെയും. അതിരാവിലെ ടാപ്പിങിന് പോകുമ്പോൾ പലരും കാട്ടാനകൾക്ക് മുന്നിൽ പകച്ചു നിൽക്കുക പതിവാണ്.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ. ദിവസേന കാട്ടാനകളെ കാണാത്തവരായി ആരുമില്ല. ഒറ്റപെട്ട ബഹളം കേട്ടാൽ ചിന്നം വിളിച്ചു നിൽക്കും കൊമ്പന്മാർ. ഇത് മൂലം ടാപ്പിങ് മുടങ്ങുന്നതും പതിവാണ്. പലപ്പോഴും ടാപ്പിങ് നടക്കാറില്ല. ജനവാസ മേഖലയും, വനവാസ മേഖലയും ഒരുപോലെ കിടക്കുന്ന സ്ഥലമാണ് കറവൂർ, പെരുന്തോയിൽ, ചെമ്പനരുവി, തുടങ്ങിയ സ്ഥലങ്ങളെല്ലാം.
വനം വകുപ്പ് കാട് തെളിക്കാത്തതു കാരണം നിലവിലെ കാനനപാതകൾ കാടുമൂടി കിടക്കുന്നു. 1977 ന് മുൻപ് കുടിയേറി താമസിച്ച് കൃഷിയിലൂടെയും, വളർത്തു മൃഗങ്ങളിലൂടെയും ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ജനവിഭാഗങ്ങളും ഇവിടെ വസിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കൃഷിയിടങ്ങളിൽ കാട്ടാന ,കാട്ട് പോത്ത്, മ്ലാവ്, കേഴ, മയിൽ, മലയണ്ണാൻ, കടുവ, പുലി എന്നിവയുടെ ആക്രമണം മൂലം വളർത്തുമൃഗങ്ങളും കൃഷിയും പൂർണമായി തകർച്ച നേരിടുകയാണ്.
കർഷകർ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗ ശല്യത്തിന് ഏക ആശ്രയമായിരുന്നു വീടുകളിൽ വളർത്തിയിരുന്ന പട്ടികൾ. പട്ടികളെ പുലി ഭക്ഷണമാക്കി തുടങ്ങിയതോടെ ഇവിടുത്തുകാർക്ക് ഇനി രക്ഷാ കവചം തീർക്കാൻ ഒന്നുമില്ലാതെയായി. കുട്ടികൾക്ക് സ്കൂളിൽ പോകാനും വരാനും കഴിയുന്നില്ല . ഉപജീവന മാർഗം തേടി ജോലിക്ക് പോകാൻ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ ഉണ്ടെങ്കിലേ ഇവിടെ ജനങ്ങൾക്ക് സ്വൈര ജീവിതം ഉറപ്പാക്കാൻ കഴിയു എന്ന് ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

