പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
text_fieldsരാജു
പത്തനാപുരം: കോടാലിക്കൈ ഉപയോഗിച്ച് മകനെ ക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി മീനം ചരുവിളവീട്ടിൽ രാജു(48)വിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഭാര്യ ലീന വീട്ടിലില്ലാതിരുന്ന സമയത്താണ് രാജു മകനെ ക്രൂരമായി തല്ലിയത്.
ലീന, തന്റെ സഹോദരന്റെ ചികിത്സാർഥം തിരുവനന്തപുരത്തായിരുന്നു. മർദനമേറ്റ കുട്ടിയെ കൂടാതെ ഇളയ സഹോദരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിറക് വെട്ടാനുപയോഗിക്കുന്ന കോടാലിയുടെ കൈ ഉപയോഗിച്ചാണ് രാജു മകനെ മർദിച്ചത്. അടികൊണ്ട് കുട്ടിയുടെ നെഞ്ചിലും പുറത്തും കാലിലുമെല്ലാം സാരമായി പരിക്കേറ്റു.
കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ രാജുവിനെ തടഞ്ഞുവെച്ച് പൊലീസിലേൽപിക്കുകയായിരുന്നു.
കുട്ടിയെ പിന്നീട് നാട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. രാജുവിനെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

