വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമം; പിതാവും മക്കളും അറസ്റ്റിൽ
text_fieldsഅഞ്ചൽ: വാഹന പരിശോധനക്കിടെ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച മൂന്നുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനയഞ്ചേരി നിലാവിൽ സുരാജ് (63), മക്കളായ അഹമ്മദ് സുരാജ് (25), അബ്ദുല്ലസുരാജ് (32)എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പകൽ 12 മണിയോടെ അഞ്ചൽ ബൈപാസിലാണ് സംഭവം. കോളറ പാലം ജങ്ഷനിൽ നിന്നും അമിതവേഗത്തിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന സുരാജ് എതിരേ വന്ന പൊലീസ് വാഹനം കണ്ട് തിരിച്ച് സമീപത്തെ കടക്ക് മുന്നിലേക്ക് ഓടിച്ചുനിർത്തിയശേഷം കടക്കുള്ളിലേക്ക് കയറിപ്പോയി.
ഇതുകണ്ട് സംശയംതോന്നിയ എസ്.ഐ പ്രജീഷും ഡ്രൈവറും ചേർന്ന് ബൈക്കിനടുത്തെത്തി അഹമ്മദ് സുരാജിനെ വിളിച്ചിറക്കി ചോദ്യം ചെയ്യുന്നതിനിടെ കടയുടമയും അഹമ്മദ് സുരാജിന്റെ പിതാവുമായ സുരാജും സഹോദരൻ അബ്ദുല്ല സുരാജും കടയിൽ നിന്നിറങ്ങി എസ്.ഐയുമായി വാക്കേറ്റമുണ്ടാക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. സംഭവത്തിൽ എസ്.ഐയുടെ കൈക്ക് നിസ്സാര പരിക്കേറ്റു. തുടർന്ന് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസെത്തി മൂവരേയും ഒപ്പം ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

