മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകിയതിന് പിതാവിനെയും മകനെയും ആക്രമിച്ചു
text_fieldsപരിക്കേറ്റ മുഹമ്മദ് അലി
കൊട്ടിയം: മയക്കുമരുന്നു സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ പേരിൽ, പള്ളിയിൽ പോയി മടങ്ങുകയായിരുന്ന പിതാവിനെയും മകനെയും ആക്രമിച്ചതായി പരാതി. മേവറം മണ്ണാണിക്കുളം തെക്കേതുണ്ടിൽ കമറുദ്ദീൻ (39), മകൻ മുഹമ്മദ് അലി (14) എന്നിവരാണ് ആക്രമണത്തിനിരയായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
മണ്ണാണിക്കുളത്തിനടുത്തുള്ള തൈക്കാവിൽ നമസ്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരവേ വഴിയിൽ കാത്തുനിന്ന നാലംഗ സംഘത്തിലെ രണ്ടുപേരാണ് തടഞ്ഞുനിർത്തി ആക്രമിച്ചത്. ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന മുഹമ്മദ് അലിയെ തള്ളി താഴെയിട്ടശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമറുദ്ദീന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. സംഘത്തിൽപെട്ട രണ്ടുപേർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്നും കമറുദ്ദീൻ പറഞ്ഞു.
സ്ഥലത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതിനാൽ പരിസരവാസികൾക്ക് അടുക്കാനായില്ല. പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികളെ കണ്ടെത്താനായില്ല. ഇവരുടെ വീടിനടുത്തെ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് മയക്കുമരുന്നു സംഘങ്ങൾ ശല്യമായപ്പോൾ കമറുദ്ദീൻ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസിന്‍റെ ഇടപെടൽ മൂലം സംഘങ്ങളുടെ ശല്യം ഇല്ലാതാകുകയും ചെയ്തു. അടുത്തിടെ വീണ്ടും സജീവമായ സംഘം വധഭീഷണിയുമായി രംഗത്തെത്തിയിരുന്നതായി കമറുദ്ദീൻ പറയുന്നു. ഇരവിപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.