അർബുദ രോഗിയായി അഭിനയിച്ച് പിരിവ്: വ്യാജ യാചകൻ പിടിയിൽ
text_fieldsകുണ്ടറ: ഇല്ലാത്ത രോഗം അഭിനയിച്ചും വാഹനത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ സ്റ്റിക്കറൊട്ടിച്ചും പള്ളിയില്‍ പിരിവ് നടത്തിയ വ്യാജനെ ഇമാമിനുണ്ടായ സംശയത്തെ തുടര്‍ന്ന് പൊലീസെത്തി പിടികൂടി. തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍ ബിസ്മില്ല ഹൗസില്‍ മുജീബ് (33) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
അർബുദ രോഗിയെന്ന വ്യാജേന തുണ്ട് ട്യൂബ് വായില്‍ നിന്നും നെഞ്ചത്തേക്ക് ഒട്ടിച്ചുവെച്ചും വികലാംഗനാണെന്ന് തോന്നിക്കുംവിധം കാലിന് മുകളില്‍ പ്ലാസ്റ്റിക്കിന്റെ കാലിന്റെ ഷേപ്പുള്ള രണ്ട് കഷണങ്ങള്‍ വെച്ച് കെട്ടിയും വെള്ളിയാഴ്ച രാത്രി 10ഓടെ ഇളമ്പള്ളൂര്‍ മുസ്‍ലിം ജമാഅത്തില്‍ രാത്രി നിസ്‌കാരം കഴിഞ്ഞുവരുന്ന വിശ്വാസികളില്‍ നിന്നും ആയിരക്കണക്കിന് രൂപ പിരിച്ചു.
എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ കാലിന് ഒരു കുഴപ്പമില്ലാതെ നടക്കുകയും ട്യൂബ് വായില്‍നിന്ന് ഇളകിക്കിടക്കുന്നതായും പള്ളിയിലെ ഇമാമിന്‍റെ ശ്രദ്ധയിൽപെട്ടു. പിരിഞ്ഞുപോയ വിശ്വാസികളെയും ഭാരവാഹികളെയും വിളിച്ചുവരുത്തി സംശയം പ്രകടിപ്പിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ വായിൽ വെച്ചിരിക്കുന്ന ട്യൂബ് തുണ്ട് ആണെന്നും ഇത് അഭിനയമാണെന്നും കാലിന് കുഴപ്പമില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ പതിനായിരത്തിലേറെ രൂപയും ഗൂഗിള്‍ പേയില്‍ 12,000ത്തോളം രൂപയും കണ്ടെത്തി. ഗൂഗിള്‍ പേയില്‍ 50 മുതല്‍ 2000 രൂപ വരെ പലരും ഇട്ടതായും ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ കണ്ടു.
അർബുദ രോഗി ആയ എന്നെ സഹായിക്കണമേ ഗൂഗിള്‍ പേ നമ്പര്‍ ക്യൂ ആര്‍ കോഡ് എന്നിവ എഴുതിയ ബോര്‍ഡ് നെഞ്ചത്ത് തൂക്കിയിട്ടാണ് യാചന. കാലപ്പഴക്കമില്ലാത്ത പുതിയ ബൈക്കിന് മുമ്പിലും പിറകിലും ഞാന്‍ അർബുദ രോഗിയാണ് എന്നെ ഉപദ്രവിക്കരുത് എന്ന സ്റ്റിക്കറും ഭിന്നശേഷിക്കാരുടെ ചിഹ്നവും പതിച്ചിട്ടുണ്ട്. ഇതുകാരണം വഴിയില്‍ കാണുന്ന ചെക്കിങ്ങിലോ തിരക്കുകളിലോ ഒന്നും ഇയാളെ തടഞ്ഞുനടത്താറില്ലെന്നും ഇയാള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് എം.വി.ഡി പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റിന് പിഴ കൊടുക്കാതെയും ഉദ്യോഗസ്ഥർ കൈയില്‍ നിന്നും കാശിട്ട് ആയിരത്തിലഅധികം രൂപയുടെ പുതിയ ഹെല്‍മറ്റ് വാങ്ങിക്കൊടുത്തതായി പ്രതി മൊഴി നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇയാൾ ഈ തട്ടിപ്പ് ചെയ്തുവരുന്നതായി സമ്മതിച്ചിട്ടുണ്ട്. സ്വന്തമായി നാല് ചക്ര വാഹനവും വീടും ഉള്ളതായും പ്രതി സമ്മതിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

