അതിദാരിദ്ര്യ നിർമാർജനം ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്
text_fieldsകൊല്ലം: സംസ്ഥാനത്തിന്റെ അതിദാരിദ്ര്യനിർമാർജന പദ്ധതിയിൽ (ഇ.പി.ഇ.പി) നിർണായക നേട്ടം കൈവരിച്ച് കൊല്ലം ജില്ല. ജില്ലയിൽ ഉൾപ്പെട്ട 3,786 കുടുംബങ്ങളിൽ 3,606 എണ്ണം ഇതിനകം അതിദാരിദ്ര്യത്തിൽനിന്ന് മുക്തരായതായാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്. നവംബറിൽ ദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കുന്നതിലാണ് കാര്യമായ നേട്ടം ജില്ല കൈവരിച്ചത്.
ഭക്ഷണം, ആരോഗ്യം, സാമൂഹികസുരക്ഷ (പാര്‍പ്പിടം), ഉപജീവനത്തിനുള്ള അടിസ്ഥാനവരുമാനം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക തയാറാക്കിയത്.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുള്ള മൈക്രോപ്ലാന്‍ പദ്ധതികള്‍ ജില്ലയിൽ നടപ്പാക്കിയത്.
കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ല ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസ് മുഖേനയാണ് പദ്ധതി നിര്‍വഹണം. ഓരോ വ്യക്തിക്കും കുടുംബത്തിനും അനുയോജ്യമായ മൈക്രോപ്ലാനുകള്‍ ആണ് ഇതിനായി ആവിഷ്കരിച്ചത്.
ഭക്ഷണം ആവശ്യമായ 2145 കുടുംബങ്ങളില്‍ 219 കുടുംബങ്ങള്‍ക്ക് പാകംചെയ്ത ഭക്ഷണവും 1926 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുമാണ് പദ്ധതിയുടെ ഭാഗമായി നൽകിയത്.ചികിത്സയും മരുന്നും ആവശ്യമായ 2072 കുടുംബങ്ങള്‍ക്കാണ് അവ സൗജന്യമായും 345 കിടപ്പുരോഗികള്‍ക്ക് പാലിയേറ്റിവ് കെയര്‍ സേവനവും നല്കുന്നു. 32 കുടുംബങ്ങൾക്ക് വീല്‍ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ അവശ്യസഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഉപജീവനമാര്‍ഗമോ സ്ഥിരവരുമാനമോ ഇല്ലാത്ത 292 കുടുംബങ്ങള്‍ക്ക് കുട-അച്ചാര്‍ നിര്‍മാണസഹായം, പെട്ടിക്കടകള്‍, ലോട്ടറി കച്ചവടം എന്നീ ഉപജീവന മാര്‍ഗങ്ങളും ജില്ല കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നല്കി.കടത്തിണ്ണകളിലും വഴിയരികുകളിലും അന്തിയുറങ്ങുന്നവര്‍, ഒറ്റക്കായവര് ഉള്‍പ്പെടെ ഭൂ-ഭവനരഹിതരായ 270 കുടുംബങ്ങളില്‍ 132 എണ്ണത്തിന് ഭൂമിയും വീടുംലഭ്യമാക്കി. 138 കുടുംബങ്ങളുടെ വീട് നിര്‍മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
ഭൂമി ഉണ്ടായിട്ടും വീട് ഇല്ലാത്ത 264 കുടുംബങ്ങളില്‍ 212 പേര്‍ക്ക് വീട് പൂര്‍ത്തീകരിച്ചു. 52 എണ്ണം നിര്‍മാണപുരോഗതിയിലാണ്. 282 കുടുംബങ്ങളില്‍ ഭവന പുനരുദ്ധാരണം ആവശ്യമായ 221 എണ്ണം പൂര്‍ത്തീകരിച്ചു.61 എണ്ണം പുരോഗതിയിലാണ്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാകുന്നതുവരെ താമസിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകള്‍ വാടകക്ക് എടുത്ത് നൽകുന്നത് ഉൾപ്പെടെ പദ്ധതികളിലൂടെയാണ് ദാരിദ്ര്യനിർമാർജനത്തിൽ ജില്ല പുരോഗതി കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

