കേരളം ദാരിദ്ര്യമുക്തമാക്കാന്‍ മികവുറ്റ പദ്ധതികൾ - മന്ത്രി
text_fieldsമന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോര്‍പറേഷന്റെ ‘ഗുഡ്മോണിങ് കൊല്ലം’ പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിതരണ സംവിധാനങ്ങള്‍ വഴിയും കുറഞ്ഞനിരക്കില്‍ ഉല്പന്നങ്ങള് കൃത്യമായി നല്കുന്നതിനാല് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. നവംബറോടെ കേരളത്തില്‍ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോര്‍പറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ ഹണി അധ്യക്ഷയായി. എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
10 രൂപക്ക് പ്രഭാത ഭക്ഷണം; കോര്‍പറേഷന്റെ വിഷുക്കൈനീട്ടം
10 രൂപ നല്കിയാല് വയറ് നിറയെ പ്രഭാത ഭക്ഷണം കഴിക്കാം; പലർക്കും ആശ്വാസം പകരുന്ന പദ്ധതി വിഷുക്കൈനീട്ടമായി കൊല്ലം കോര്പറേഷന് നടപ്പിലാക്കി. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഗുഡ്മോണിങ് കൊല്ലം’ എന്ന പദ്ധതി നടപ്പാക്കുന്നത്.
ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറില്‍ രാവിലെ ഏഴിനും 9.30നും ഇടയില്‍ എത്തിയാല്‍ ഇഡ്ഡ്ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം. ഓരോ ദിവസം ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ ‘സ്നേഹിത’ കുടുംബശ്രീ യൂനിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകള്‍ ഒരുക്കുക.
2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന ‘അമ്മമനസ്സ്’ പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണിതെന്ന് മേയര്‍ ഹണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.