സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചവർ അറസ്റ്റില്‍
text_fieldsഇരവിപുരം: സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കിളികൊല്ലൂര്‍ ചാമ്പക്കുളം നക്ഷത്ര നഗര്‍ 67 ല്‍ സജോ ഭവനത്തില്‍ സച്ചു എന്ന് വിളിക്കുന്ന സജിന്‍ (27), കിളികൊല്ലൂര്‍ വില്ലേജില്‍ ചാമ്പക്കുളം ചേരിയില്‍ നക്ഷത്ര നഗര്‍ 94 ല്‍ പൂമുഖത്ത് വടക്കതില്‍ ലതികേഷ് (39) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ഓട്ടോക്ക് ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് കൊച്ചുഡീസന്റ്മുക്കില് െവച്ച് ഇവര്‍ ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചത്. ആക്രമണത്തില്‍ തലക്കും കൈകളിലും ഗുരുതരമായ പരിക്കേറ്റ ഡ്രൈവര്‍ മിഥുന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കിളികൊല്ലൂര്‍, ഇരവിപുരം കൊല്ലം ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമത്തിനുള്‍പ്പെടെ 18 കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ലതികേഷ്, കൊലപാതകമുള്‍പ്പെടെ ഏഴോളം വധശ്രമ കേസുകള്‍, കവര്‍ച്ചകേസുകള്‍ തുടങ്ങി 15 കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന സജിന്‍ കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇവരെ പുന്തലത്താഴത്തിന് സമീപം നിന്നാണ് പൊലീസ് പിടികൂടിയത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ദിനേഷ്കുമാര്‍, ജയകുമാര്‍, ഷാജി, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു.

