തുറന്ന മേൽപാലം അടച്ചു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsറെയിൽവേ മേൽപാലം അടച്ച നിലയിൽ
ഇരവിപുരം: തെരഞ്ഞെടുപ്പ് ദിനത്തിൽ തുറന്നുകിടന്ന മേൽപാലം തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ അടച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാക്കി. 85 ശതമാനം നിർമാണം പൂർത്തിയായി കിടക്കുന്ന ഇരവിപുരം കാവൽപുര റെയിൽവേ മേൽപാലമാണ് ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ ഇന്നലെ അടച്ചത്. മേൽപാലം അടക്കുന്നത് നാട്ടുകാർ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ടതോടെ പിൻവാങ്ങി.
പാലം അടച്ചത് അറിയാതെ രാവിലെ ഇതുവഴി എത്തിയ ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാർ വീണ്ടും കിലോമീറ്ററുകൾ ചുറ്റേണ്ടി വന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രവർത്തകർ ഞായറാഴ്‌ച രാത്രി ഇവിടുത്തെ തടസങ്ങൾ നീക്കി അടിയന്തരമായി തുറന്നുകൊടുക്കുകയായിരുന്നു. പാലം തുറന്നു എന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഏറെ സന്തോഷിച്ചു.
എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ പാലത്തിന്‍റെ തിരുമുക്ക് ഭാഗത്തും കാവൽപുര ഭാഗത്തും ഇരുമ്പ് ബാരിക്കേഡുകൾ നിരത്തിയും മെറ്റലും മണലും ഇറക്കിയും ഗതാഗതം തടസപ്പെടുത്തി. ഓണത്തിന് പാലം തുറന്നുകൊടുക്കുമെന്നും നാട്ടുകാർക്ക് ഇത് ഓണ സമ്മാനമായിരിക്കുമെന്നായിരുന്നു അധികൃതർ ജൂണിൽ നൽകിയ ഉറപ്പ്. എന്നാൽ ആ ഉറപ്പൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല അവശേഷിച്ച നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം ഒച്ചിഴയുന്ന വേഗവുമായിരുന്നു.
ഇരവിപുരത്തും തീരദേശത്തുള്ളവരും മയ്യനാട് കൂട്ടിക്കട ഭാഗത്തുള്ളവരും ദേശീയപാതയിൽ എത്താൻ അഞ്ച് കിലോമീറ്റർ ചുറ്റിയാണ് സഞ്ചരിക്കുന്നത്. പള്ളിമുക്കിലുള്ളവർക്ക് തീരദേശപാതയിൽ എത്താനും ഇതുപോലെ കിലോമീറ്ററുകൾ കറങ്ങണം. ഇരവിപുരം റെയിൽവേ മേൽപാലത്തിന്‍റെ നിർമാണം വൈകുന്നതിന്‍റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത് കുട്ടിക്കട ജങ്ഷനിലാണ്.
കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയായിരുന്നെങ്കിൽ ദേശീയപാതയിൽ നിലവിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ ഇരവിപുരം റെയിൽവേ മേൽപാലത്തിലൂടെ തീരദേശം വഴി കടത്തിവിടാൻ സാധിക്കുമായിരുന്നു. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ നിർമാണം ആരംഭിച്ച റെയിൽവേ മേൽപാലം പൂർത്തിയായില്ല. ടാറിങ്, അനുബന്ധ റോഡുകളുടെ കോൺക്രീറ്റിങ്, നടപ്പാതയുടെ കൈവരിയുടെ നിർമാണം. ഒരു വശത്തെ സർവീസ് റോഡിന്‍റെ നിർമാണം, സോളാർ ലൈറ്റുകൾ സ്‌ഥാപിക്കൽ ഉൾപ്പെടെ ജോലികളാണ് അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

