തൊഴിലെടുക്കുന്നത് ജീവൻ പണയം വെച്ച്; മാറ്റത്തിന് കാത്ത് നിർമാണ മേഖല
text_fieldsകരുനാഗപ്പള്ളി: നിർമാണ മേഖലയെ കാലാനുസൃതമായ നവീകരണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമായി. നിർമാണ ഉപകരണങ്ങളുടെ ആധുനികവത്കരണം, സുരക്ഷ ക്രമീകരണങ്ങൾ, സൗജന്യ അപകട ഇൻഷുറൻസ് പദ്ധതികൾ, നിർമാണ കേന്ദ്രങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ, സേഫ്റ്റി ബെൽറ്റ്, സേഫ്റ്റി ഷൂ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള താൽക്കാലിക ക്രമീകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിൽ വൻകിട കരാറുകാർ മുതൽ തൊഴിൽ വകുപ്പ് അധികൃതർ വരെയുള്ളവർ ഗുരുതര അനാസ്ഥയാണ് തുടരുന്നത്.
ബഹുനില കെട്ടിടങ്ങളുടെ പുറംഭിത്തികളിൽ പ്രവൃത്തി നടക്കുമ്പോഴും ആയിരം തവണ ഉപയോഗിച്ച് ബലക്ഷയം വന്ന കാറ്റാടി കഴകൾ ഉപയോഗിച്ചാണ് തൊഴിലാളികൾ ഉയരം ക്രമീകരിക്കുന്നത്. കാലപ്പഴക്കം ചെന്ന കയർ, പൊടിഞ്ഞ തടിക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ക്രമീകരിക്കുന്ന ഉയര സംവിധാനങ്ങൾ പലപ്പോഴും തകർന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേൽക്കാറുണ്ട്. ആറ് മുതൽ ആറര അടി വരെ ഉയരമുള്ള മൂന്ന് തടി കഴകളെ രണ്ട് ഇഞ്ച് നീളം മാത്രമുള്ള ആണി അടിച്ച് തൊഴിലാളികൾ തന്നെ തട്ടിക്കൂട്ടുന്ന മുക്കാലി എന്ന താത്ക്കാലിക ഉപകരണമാണ് പതിറ്റാണ്ടുകളായി നിർമാണ മേഖലയിൽ ഉയരം ക്രമീകരിക്കാനായി ഉപയോഗിക്കുന്നത്.
250 മുതൽ 500 ഗ്രാം വരെ ഭാരം മാത്രമുള്ള ചുടുകട്ടകളായിരുന്നു ആദ്യ കാലത്ത് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഇവയുടെ സ്ഥാനത്ത് 20 കിലോയ്ക്ക് മുകളിൽ ഭാരമുള്ള സിമന്റ് കട്ടകൾ വന്നപ്പോഴും ഉയര ക്രമീകരണത്തിന് കാലാനുസൃതമായ മാറ്റം വരുത്താൻ നടപടി ഉണ്ടായിട്ടില്ല. കെട്ടിട നിർമാണ പെർമിറ്റ് ഫീസായി ഉയർന്ന തുക വാങ്ങുന്ന അധികൃതർ നിർമാണ ചുമതല ഏറ്റെടുക്കുന്ന കമ്പനി അല്ലെങ്കിൽ മേസ്തരി എന്നിവർക്ക് തൊഴിൽ പരിചയത്തിന്റെ പേരിൽ ലൈസൻസ് ഏർപ്പെടുത്താനോ ഇവർ ഉപയോഗിക്കുന്ന നിർമാണ ഉപകരണങ്ങളുടെ സുരക്ഷ പരിശോധിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.
നിർമാണ അനുമതി നൽകുന്നതിന് റോഡ്, സമീപ പുരയിടങ്ങൾ എന്നിവയുടെ ദൂര പരിധി ലംഘിച്ചിട്ടില്ല എന്നത് മാത്രമാണ് അധികൃതർ ഉറപ്പ് വരുത്തുന്നത്. വൈദ്യുതി കമ്പി ഉൾപ്പടെ തൊഴിലാളികൾക്ക് സുരക്ഷാ ഭീഷണിയുണ്ടോ എന്ന് പരിശോധിക്കുവാൻ ആരും മെനക്കെടാറില്ല. നിർമാണ ജോലിക്കിടെ വൈദ്യുതി കമ്പിയിൽ തട്ടി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളും വിരളമല്ല. പ്രാകൃത സാഹചര്യങ്ങളിൽ ജീവൻ പണയം വെച്ച് തൊഴിലെടുക്കേണ്ട അവസ്ഥക്ക് മാറ്റമില്ലാത്തതും പുതിയ തലമുറ നിർമാണ മേഖലയെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒഴിഞ്ഞ് കൊടുക്കാനുള്ള കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

