തൊഴിലുറപ്പ് പദ്ധതി: ജില്ല നാലാമത്
text_fieldsആലപ്പാട് തീരസംരക്ഷണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ കയർ ഭൂവസ്ത്രവിതാനം ചെയ്യുന്നു
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ എണ്ണത്തിലും തൊഴിൽദിനത്തിലും മികവുറ്റ പ്രകടനവുമായി സംസ്ഥാനത്ത് നാലാംസ്ഥാനത്ത് ജില്ല. അവശ്യമേഖലകളിലെ ജോലികള്‍ യഥാസമയം നിര്‍വഹിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനത്തിലൂടെ തൊഴില്‍ദിന മുന്നേറ്റത്തിലാണ് സംസ്ഥാനത്ത് നാലാംസ്ഥാനം നേടിയത്.
ഈ സാമ്പത്തികവര്‍ഷം 24.59 ലക്ഷം തൊഴില്‍ദിനങ്ങളാണ് ജില്ലയില്‍ സൃഷ്ടിച്ചത്. 1.92 ലക്ഷം കുടുംബങ്ങളിൽനിന്നുള്ളവരാണ് സജീവമായി തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. 385.15 കോടി രൂപ ചെലവഴിച്ച് 96.41 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നേട്ടംസ്വന്തമാക്കിയത്. 323.86 കോടി രൂപ കൂലി ഇനത്തിലും 46.58 കോടി രൂപ മെറ്റീരിയല്‍ ഇനത്തിലും ചെലവഴിച്ചു. 136743 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതില്‍ 67281 കുടുംബങ്ങള്‍ 100 ദിനം പൂര്‍ത്തീകരിച്ചു.
ജില്ലയിലെ 25860 പട്ടികജാതി കുടുംബങ്ങള്‍ക്കും 1145 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ നല്കി. 19.18 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും 1.43 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ലഭ്യമായി. 13279 പട്ടികജാതി കുടുംബങ്ങളും 723 പട്ടികവര്‍ഗ കുടുംബങ്ങളും 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു.
46.58 കോടി മെറ്റീരിയല്‍ ഇനത്തില്‍ ചെലവഴിച്ച് 417 കോണ്‍ക്രീറ്റ് റോഡുകള്‍, 41 കാര്ഷികകുളങ്ങള്, 237 കാലിത്തൊഴുത്തുകള്‍, 148 ആട്ടിന്‍കൂടുകള്‍, 140 കോഴിക്കൂടുകള്‍, 47 ജലസേചന കിണറുകള്‍, 6 എസ്.എച്ച്.ജി വര്‍ക്ക്ഷെഡുകള്‍, 11 അംഗന്‍വാടി കെട്ടിടങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ശുചിത്വമേഖലയുടെ വികസനത്തിന്റെ ഭാഗമായി 986 സോക്ക് പിറ്റുകള്‍, 152 കമ്പോസ്റ്റ് പിറ്റുകള്‍, 37 അസോള ടാങ്കുകള്‍ എന്നിവ നിര്‍മിച്ചു.
ആസ്തിനിര്മാണപ്രവര്ത്തനത്തിനും നീര്‍ത്തടാടിസ്ഥാനത്തില്‍ മണ്ണ്-ജല സംരക്ഷണത്തിനും ഊന്നല്‍ നല്കിയുള്ളതായിരുന്നു പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനും ഗ്രാമീണമേഖലയില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും സാധിച്ചു.
2025-26 സാമ്പത്തികവര്‍ഷം ജില്ലയില്‍ 1.01 കോടി തൊഴില്‍ദിനങ്ങളാണ് ആവശ്യപ്പെട്ടത്. ഇതിനായി പഞ്ചായത്തുകള്‍ അംഗീകരിച്ച് തയാറാക്കിയ ലേബര്‍ ബജറ്റും ആക്ഷന്‍പ്ലാനും ജില്ല പഞ്ചായത്തിന്റെ അംഗീകാരത്തോടെ സംസ്ഥാന മിഷന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം 52.85 ലക്ഷം തൊഴില്‍ദിനങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചതെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയന്റ് ഡയറക്ടര്‍ ആര്.എസ്. അനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

