ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പുറത്തിറക്കി
text_fieldsകൊല്ലം: ജില്ലയില്‍ ഉത്സവങ്ങള്‍ ആരംഭിച്ചതോടെ ആനയെഴുന്നള്ളിപ്പിന് ജില്ല ഭരണകൂടം മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഉത്സവ സീസണില്‍ നാട്ടാനകള്‍ തുടര്‍ച്ചയായി ഇടഞ്ഞോടി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ ആനകളുടെയും ജനങ്ങളുടെയും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് മാനദണ്ഡങ്ങള്‍.
1972ലെ വന്യജീവി സംരക്ഷണനിയമം, 2012ലെ കേരള നാട്ടാന പരിപാലനചട്ടം തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ചാണ് നിബന്ധനകള്‍. കലക്ടറുടെ നേതൃത്വത്തില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ദേവസ്വം ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, പൊലീസ്, റവന്യൂ, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരാണ് ഉത്സവങ്ങളുടെ മേല്‍നോട്ട സമിതിയിലുണ്ടാവുക.
അഞ്ചില്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഉത്സവങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങുകയും ആനകളെ എലിഫന്റ് സ്ക്വാഡിന്റെ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും വേണം. പങ്കെടുക്കുന്ന ആനകളുടെ എണ്ണവും വിവരങ്ങളും ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആനകളുടെ പൂര്‍വചരിത്രം പരിശോധിച്ച് മാത്രമേ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാനുള്ള യോഗ്യത തീരുമാനിക്കൂ.
ആനക്കും പാപ്പാനും സഹായിക്കും പൊതുജനങ്ങള്‍ക്കും മതിയായ സുരക്ഷ ഭാരവാഹികള്‍ ഉറപ്പുവരുത്തണം. രോഗാമുള്ളതും ഗര്‍ഭിണികളും പ്രായാധിക്യമുള്ളവയും പരിക്കേറ്റതുമായ ആനകളെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല. ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ അകലത്തില്‍ കാഴ്ചക്കാര്‍ നില്ക്കുന്ന രീതിയില്‍ ഉത്സവങ്ങള്‍ ക്രമീകരിക്കണം. ഒന്നാം പാപ്പാന് ആനയുടെ മുന്നില്‍ നിര്‍ബന്ധമായും ഉണ്ടാകണം. ചൂടുള്ള കാലാവസ്ഥയില്‍ ആനയുടെ ശരീരം നനക്കേണ്ടതും നില്ക്കാന് നനഞ്ഞ പ്രതലം ഒരുക്കേണ്ടതുമാണ്. മതിയായ തീറ്റയും വെള്ളവും വിശ്രമവും ആനകള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പപ്പാന്മാര് മദ്യപിച്ചിട്ടുണ്ടോ എന്ന് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പാപ്പാനെയും ആനയെയും ചടങ്ങില്‍നിന്ന് മാറ്റും. ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ ഇല്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉറപ്പുവരുത്തണം.
പോപ്പര്‍, ഡി.ജെ ലൈറ്റുകള്‍ തുടങ്ങിയവ ആനയുടെ സമീപം ഉപയോഗിച്ചാല്‍ നടപടിയുണ്ടാവും. കുട്ടികളെ ആനകളുടെ പുറത്ത് കയറ്റുന്നതിനും കര്‍ശന വിലക്കുണ്ട്. ആനകളെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ 0474 2795076 ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

