പിന്നാലെ പാഞ്ഞ് ഒറ്റയാൻ; ജീപ്പ് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുറവന്താവളം-മാമ്പഴത്തറ റോഡിൽ ജീപ്പിന് പിന്നാലെ
ഓടുന്ന ഒറ്റയാൻ
പുനലൂർ: ചിന്നം വിളിച്ച് പിന്നാലെയെത്തിയ കാട്ടാനയിൽ നിന്ന് ജീപ്പ്, ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴോടെ കുറവന്താവളം- മാമ്പഴത്തറ റോഡിലായിരുന്നു ഒറ്റയാന്റെ പരാക്രമം. കൊച്ചുകുട്ടിയടക്കം നാലു യാത്രക്കാരുമായി ജീപ്പും തൊട്ടു മുന്നിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും കടന്നുവരികയായിരുന്നു.
പാറക്കടവിൽ എത്തിയപ്പോൾ ആനയുടെ ചിന്നം വിളി കേട്ടു. തൊട്ടടുത്തുള്ള വനത്തിൽ നിന്നാണെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ, വാഹനങ്ങൾ കടന്നു പോയതും റബർ എസ്റ്റേറ്റിൽനിന്ന് ആന റോഡിലേക്ക് എടുത്തു ചാടി. ഇത് കണ്ട് ഡ്രൈവർമാർ പരമാവധി വേഗത്തിൽ വണ്ടി ഓടിച്ച് മുന്നോട്ട് നീങ്ങി. റോഡിൽ ഇറങ്ങിയ ഒറ്റയാൻ വാലും ചുരുട്ടി പിന്നാലെ കുറേ ദൂരം ഓടിയെങ്കിലും വാഹനങ്ങളെ ആക്രമിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഈ ആന മാമ്പഴത്തറ ആറായിരം പാലത്തിനടുത്തെത്തി. ഇവിടെ റബർ ടാപ്പിങ് നടത്തിയിരുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികളെ വിരട്ടിയോടിച്ചു.
ഈ റോഡിലടക്കം മലയോര, എസ്റ്റേറ്റ് മേഖലയിലുള്ള എല്ലാ റോഡിലും ആനയുൾപ്പെടെ മൃഗങ്ങൾ കാരണം കടുത്ത ഭീഷണിയാണ്. തോട്ടം തൊഴിലാളികൾ രാവിലെ എസ്റ്റേറ്റുകളിൽ ജോലിക്ക് പോകാൻ ഭയപ്പെടുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 22ന് അലിമുക്ക് അച്ചൻകോവിൽ റോഡിൽ വെരുകുഴിയിൽ മ്ലാവ് ഇടിച്ചിട്ട് ഫാമിങ് കോർപറേഷൻ ജീവനക്കാരൻ പ്രദീപ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

