മുങ്ങിയ കപ്പലിലെ ഇന്ധനവും അവശിഷ്ടങ്ങളും നീക്കാൻ നപടി തുടങ്ങി
text_fieldsകൊല്ലം പോർട്ടിലെത്തിയ ‘സതേൺ നോവ’ കപ്പൽ
കൊല്ലം: കേരളത്തിന്റെ സമുദ്ര മേഖലയിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ ഇന്ധനവും അവശിഷ്ടങ്ങളും കണ്ടെയ്നറുകളും നീക്കാൻ നപടി തുടങ്ങി. ഇതിനായി സാൽവേജ് ഓപറേഷൻ ദൗത്യസംഘം കൊല്ലം പോർട്ടിൽ എത്തി. സതേൺ നോവ, ഓഷൻ മൊണാർക്, കാനറ മേഘ എന്നീ മൂന്ന് കപ്പലുകളാണ് ദൗത്യത്തിന്റെ ഭാഗമാകുക. സതേൺ നോവയും ഓഷൻ മൊണാർക്കും കൊല്ലം പോർട്ടിൽ എത്തിയിട്ടുണ്ട്. കാനറ മേഘ, കായകുളം തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയ ഭാഗത്ത് സുരക്ഷയൊരുക്കി റോന്ത് ചുറ്റുകയാണ്.
കൊല്ലത്ത് എത്തിയ സതേൺ നോവയിൽ ഇന്ത്യക്കാരും വിദേശികളുമായ 65 ക്രൂ അംഗങ്ങളാണുള്ളത്. കൊച്ചിയിൽ നിന്നും മുംബൈയിൽ നിന്നും എത്തിച്ച ഡൈവിങ് ഉപകരണങ്ങൾ ഉൾപ്പെടെ സാധനങ്ങൾ സതേൺ നോവയിൽ കയറ്റുന്നത് പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ അപകടസ്ഥലത്തേക്ക് പുറപ്പെടും.
ആദ്യഘട്ടത്തിൽ മുങ്ങൽ വിദഗ്ധർ അടിത്തട്ടിൽ എത്തി മുങ്ങിയ കപ്പലിലെ ടാങ്കിൽ ബാക്കിയായ ഇന്ധനം പൈപ്പുകളുടെ സഹായത്തോടെ നീക്കം ചെയ്ത് കടൽപരപ്പിൽ എത്തിക്കും. കടലിൽ പരന്ന ഇന്ധനവും നീക്കും. തുടർന്നായിരിക്കും കണ്ടെയ്നറും മറ്റ് കപ്പൽ ഭാഗങ്ങളും നീക്കുക. എൽസ 3 കപ്പലിന്റെ ഉടമകളായ എം.എസ്.സി കമ്പനി കരാർ ഏൽപിച്ച ‘മെർക്ക്’ എന്ന സ്വകാര്യ കമ്പനിയാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

