വിദ്യാഭ്യാസ ബന്ദും പണിമുടക്കും; അധ്യയന ദിനങ്ങൾ കൈവിട്ട് പോകുന്നതായി ആക്ഷേപം
text_fieldsകൊല്ലം: വേനലവധി കഴിഞ്ഞ് അധ്യയനവർഷം ആരംഭിച്ച് ഒന്നര മാസമാകുമ്പോഴേക്കും പണിമുടക്കും വിദ്യാഭ്യാസ ബന്ദും കാരണത്താൽ ജില്ലയിൽ അഞ്ച് ദിവസങ്ങളാണ് കുട്ടികൾക്ക് നഷ്ടമായതെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. ജൂൺ രണ്ടാം തീയതി മുതലാണ് കേരളത്തിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് ഇതര ബോർഡുകൾ ഉൾപ്പെടുന്ന സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, അടുത്ത ദിവസം മുതൽ സ്കൂൾ പഠനത്തെ ദോഷമായി ബാധിക്കുന്ന രീതിയിൽ വിദ്യാർത്ഥി സമരങ്ങൾ അരങ്ങേറുകയായിരുന്നു.
യൂനിവേഴ്സിറ്റികളിൽ നടക്കുന്ന സമരങ്ങളിലേക്കാണ് കെ.ജി ക്ലാസുകളിലെ കൂട്ടികളെവരെ വിദ്യാർഥി സംഘടനകൾ വലിച്ചിഴക്കുന്നത്. പഠിപ്പ് മുടക്കുന്നതിന് ഹൈകോടതി വ്യക്തമായ ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതൊക്കെ കാറ്റിൽപറത്തി തന്നിഷ്ടംപോലെ സമരങ്ങൾ അരങ്ങേറുന്നതെന്നും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. മറ്റുജില്ലകളെ അപേക്ഷിച്ച് കൊല്ലത്താണ് ഏറ്റവും അധികം അധ്യയനദിനങ്ങൾ പഠിപ്പ് മുടക്കിൽ നഷ്ടമായത്. കൊല്ലത്ത് പഠിപ്പുമുടക്കുമ്പോൾ തൊട്ടടുത്ത ജില്ലകളിൽ അധ്യയനം സുഗമമായി നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
കേരള സിലബസിൽ നിന്നും വ്യത്യസ്തമായി സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ജനുവരി അവസാനം ഫെബ്രുവരി ആദ്യവാരം തുടങ്ങും. ചുരുക്കത്തിൽ ഏകദേശം 180 ൽ താഴെ ദിവസം മാത്രമേ സി.ബി.എസ്.ഇ കുട്ടികൾക്ക് കിട്ടുകയുള്ളൂ. ഈ വർഷം ഹൈസ്കൂളുകളിൽ 205 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി സ്കൂൾ സമയത്തിൽ മാറ്റംവരുത്തി രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ നീട്ടി. എന്നാൽ, തുടരെ സമരങ്ങളും പണിമുടക്കുകളും കാരണം സമയം കൂട്ടിയിട്ടും ഗുണമില്ലെന്നും കൃത്യമായി അധ്യയന ദിനങ്ങളിൽ ക്ലാസ് നടന്നാൽ മതിയെന്നും അസോസിയേഷൻ സൂചിപ്പിച്ചു.
ജില്ലയിൽ 120ൽ കൂടുതൽ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സി.ബി.എസ്.ഇ കുട്ടികൾക്ക് പഠിപ്പുമുടക്ക് മൂലമുള്ള അധ്യയന ദിവസങ്ങൾ നഷ്ടപെടുന്ന അവസ്ഥ വിരളമാണ്. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വുകരിക്കണമെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ല കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് കെ. അമൃത് ലാൽ, സെക്രട്ടറി ഡോ. കെ.കെ. ഷാജഹാൻ, സെക്രട്ടറി പ്രഫ. ശശികുമാർ, ഐ.സി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. സിൽവി ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

