പ്രതിഷേധത്തിന് ഫലമുണ്ടായി, ഏരൂരിൽ ഇനി മാട്ടിറച്ചിക്ക് ഒരേ വില
text_fieldsഅഞ്ചൽ: ഏരൂർ പഞ്ചായത്തിൽ മാസങ്ങളായി നാട്ടുകാരും മാട്ടിറച്ചി വ്യാപാരികളും തമ്മിൽ വിലയെ ചൊല്ലിയുണ്ടായ പ്രതിഷേധം അവസാനിച്ചു. പഞ്ചായത്തധികൃതർ ഇറച്ചിക്കടകളിൽ നേരിട്ടെത്തി നോട്ടീസ് നൽകിയതോടെയാണ് വ്യാപാരികൾക്ക് വഴങ്ങേണ്ടി വന്നത്.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപാരികൾ തന്നിഷ്ടം പോലെയാണ് മാട്ടിറച്ചിക്ക് വില ഈടാക്കിയിരുന്നത്. 410 മുതൽ 460 രൂപ വരെയായിരുന്നു പല സ്ഥലങ്ങളിലേയും വില. ഇതിനെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലെത്തി പ്രതിഷേധിക്കുകയും പഞ്ചായത്തധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൻപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ അധ്യക്ഷതയിൽ പരാതിക്കാരുടേയും ജനപ്രതിനിധികളുടേയും മാട്ടിറച്ചി വ്യാപാരികളുടേയും യോഗം കൂടുകയും തുടർന്നെടുത്ത തീരുമാനപ്രകാരം എല്ലോടുകൂടിയ ഇറച്ചിക്ക് 410 ഉം എല്ലില്ലാതെ 430 രൂപയെന്നും നിജപ്പെടുത്തി.
എന്നാൽ, ചില വ്യാപാരികൾ ഈ തീരുമാനം അംഗീകരിക്കാതെ വീണ്ടും പല വിലകളിൽ വിൽപന തുടർന്നു. ഇതിനെതിരെ വ്യാപാര കേന്ദ്രങ്ങളിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിക്കുകയും വ്യാപാരികളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. വ്യാപാരികളിൽ ചിലർ പ്രതിഷേധക്കാർക്കുനേരേ വധഭീഷണി ഉയർത്തുകയും ചെയ്തു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി നോട്ടീസ് നൽകുകയായിരുന്നു. ഇതോടെയാണ് എല്ലോടുകൂടിയ മാട്ടിറച്ചിക്ക് 410 ഉം എല്ലില്ലാത്ത ഇറച്ചിക്ക് 430 രൂപക്കും വിൽപന നടത്തുന്നതിന് വ്യാപാരികൾ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

