കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘം പിടിയില്‍
text_fieldsകൊല്ലം: കുരീപ്പള്ളി, കണ്ണനല്ലൂര്‍, മുഖത്തല ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി വ്യാപാരം നടത്തിവന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസിന്‍റെ പിടിയിലായി.മൊയ്തീന്‍മുക്ക് തുണ്ടുവിള വീട്ടില്‍ ഷഫീഖ് (26), പേരയം തൊടിയില്‍ പുത്തന്‍വീട്ടില്‍ മുനീര്‍ (34) എന്നിവരെയാണ് കൊല്ലം എക്‌സൈസ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ ടീം പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി ഇളമ്പള്ളൂര്‍ മൊയ്തീന്‍മുക്ക് തൈക്കാമുക്ക് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഒരുമാസമായി ഷഫീഖിന്‍റെ മൊയ്തീന്‍ മുക്കിലെ വീട് കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ യുവാക്കളെത്തുന്നതും യുവാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നതുമായുള്ള വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം ഒരുമാസമായി എക്‌സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം രാത്രി പത്തിന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്നും 630 മില്ലിഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും 20 ലഹരി ഗുളികകളും, മാരകായുധങ്ങളും പിടികൂടി. നിരവധി ലഹരി കേസുകളില്‍ പ്രതികളാണിവര്‍. ന്യൂജനറേഷന്‍ ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി. സുരേഷ് അറിയിച്ചു.
അസിസ്റ്റന്‍റ് എക്‌സൈസ് കമീഷണര്‍ ബി. റോബര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, നിഥിന്‍, കാഹില്‍, ജൂലിയന്‍, അജീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ജാസ്മിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ തുടരന്വേഷണം ആരംഭിച്ചു. ലഹരി സംബന്ധമായ പരാതികള്‍ക്കായി 9400069440 നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

