മുങ്ങിമരണങ്ങള്‍ ഒഴിവാക്കാം; ജാഗ്രത വേണം
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: ആശങ്കയുയർത്തി ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു. അശ്രദ്ധമായി ജലാശയങ്ങളിൽ ഇറങ്ങുന്നതും അബദ്ധത്തിൽ അകപ്പെടുന്നതുമുൾപ്പെടെ നിരവധി സാഹചര്യങ്ങൾ ജീവൻ അപഹരിക്കുന്നതിലേക്ക് നയിക്കുമ്പോൾ ജാഗ്രത അതിപ്രാധാന്യമായി തീരുകയാണ്. ഒഴുക്കും ചുഴിയും ഉൾപ്പെടെ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന പല ജലാശയങ്ങളും നീന്തൽ വിദഗ്ധരായവർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ളതാണ്.
അത്തരം സ്ഥലങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് പോലും അപകടത്തിലേക്ക് നയിക്കുമെന്നതിനാൽ അതീവജാഗ്രത പുലർത്തണമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതരും. പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി രണ്ട് കൗമാരക്കാരെ കൊല്ലത്തിന് നഷ്ടമായിട്ട് ആഴ്ചകൾ ആകുന്നതെയുള്ളൂ.
കൊല്ലം ബീച്ചിൽ ഉൾപ്പെടെ തിരയിൽപെട്ട് ജീവൻ നഷ്ടപ്പെടാതെ തലനാരിഴക്ക് പലരും രക്ഷപ്പെടുന്നതും നിത്യസംഭവമാണ്. വേനലവധിക്കാലം ഒരുമാസം അകലെനിൽക്കെ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ അതീവ ജാഗ്രതപുലർത്തേണ്ടതുണ്ട്. ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ എൻ. ദേവിദാസ് അറിയിച്ചു.
മുങ്ങിമരണങ്ങളുടെ പൊതുവായ കാരണങ്ങള്‍
- നീന്തലറിയുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ ജലാശയത്തില്‍ ഇറങ്ങുന്നത്.
- നീന്തലറിയാതെയോ അല്പം നീന്തല്‍ പഠിച്ചോ പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത്.
- ലഹരിയുടെ സ്വാധീനമുള്ളപ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത്.
- കുളങ്ങള്‍, വീടിനു സമീപമുള്ള ജലാശയങ്ങള്‍ എന്നിവയില്‍ കൈവരികള്‍ ഇല്ലാത്തതുമൂലം കുട്ടികള്‍ വീണുപോകുന്നത്.
- ആഴമുള്ള ഭാഗത്ത് മുങ്ങാംകുഴി ഇടുക, വെള്ളത്തില്‍ ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ള മേഖലകളില്‍ നീന്താന്‍ ശ്രമിക്കുക തുടങ്ങിയ സാഹസിക അഭ്യാസങ്ങള്‍ കാണിക്കുന്നത്.
- സുരക്ഷ മുന്‍കരുതലുകള്‍ ഉറപ്പാക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നത്.
- അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വിഡിയോകളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍
- അവധിക്കാലത്ത് ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുമ്പോഴും ടൂര്‍ പോകുമ്പോഴും നീന്തല്‍ വശമുണ്ടെങ്കില്‍പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക, ഇറങ്ങുകയാണെങ്കില്‍ നന്നായി നീന്തല്‍ അറിയാവുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം ഇറങ്ങുക.
- കുട്ടികള്‍ കൂട്ടമായി നീന്താന്‍ പോകുമ്പോഴും ജലാശയങ്ങള്‍ക്ക് സമീപം കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ആവശ്യംവേണ്ട സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ആരെങ്കിലും അബദ്ധത്തില്‍ വെള്ളത്തില്‍ അകപ്പെട്ടാല്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുക.
- ജലാശയങ്ങളില്‍ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കുക.
- സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ബഹുഭാഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
- ആളുകള്‍ ധാരാളമായി എത്തുന്ന ജലാശയവിനോദകേന്ദ്രങ്ങളില് രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാര്‍ സിവില്‍ ഡിഫെന്‍സ് വളന്റിയര്‍മാര്‍ എന്നിവരുടെ സേവനം അധികൃതര്‍ ഉറപ്പുവരുത്തുക.
- കുളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ തുടങ്ങിയവ കൈവരികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കുക.
- നീന്തല്‍ പഠനം സാര്‍വത്രികമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

