ഗ്രീൻ ഗാർഡനിലെ കുടിവെള്ളക്ഷാമം; അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തം
text_fieldsതിരുവനന്തപുരം: ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയ അമ്പലത്തറ വാർഡിൽ പരവൻകുന്ന് ഗ്രീൻ ഗാർഡൻ മേഖലയോട് അധികൃതർ തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധം ശക്തമാവുന്നു. ജനപ്രതിനിധികളെയും ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്മാരേയും കണ്ട് ജനങ്ങൾ പലവട്ടം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. നൂറോളം കുടുംബങ്ങൾ പ്രാഥമികാവശ്യത്തിന് പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയിലാണ്.
ഇതുമൂലം പ്രദേശങ്ങളിലെ വീടുകളിൽ താമസിച്ചിരുന്നവർ ബന്ധുവീടുകളിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടെ നിർവഹിക്കുന്നത്. ജല അതോറിറ്റിലെ ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് പരവൻകുന്ന് റോഡ് ടാർ പൊളിച്ചുമാറ്റി പരിശോധന നടത്തിയാൽ മാത്രമേ സാധിക്കൂവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനായി കഴിഞ്ഞദിവസം മാത്രമാണ് ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയത്. സമീപകാലത്ത് ടാർ ചെയ്ത റോഡാണെന്ന കാരണം പറഞ്ഞ് കത്തിനോട് അനുകൂല സമീപനമല്ല ബന്ധപ്പെട്ടവർ സ്വീകരിച്ചത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തതാണ് കുടിവെള്ളക്ഷാമം അനിശ്ചിതമായി തുടരൻ കാരണമെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
കമലേശ്വരം, മണക്കാട് മേഖലയിൽ പൈപ്പ് ലൈനുകളിലെ അടിക്കടിയുണ്ടാവുന്ന തകരാറുകൾ പരിഹരിക്കുന്നതിൽ അനുകൂല സമീപനമല്ല ഉദ്യോഗസ്ഥർ സമീപകാലത്തായി സ്വീകരിക്കുന്നത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഓൺലൈനായി പരാതി നൽകുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ഇത്തരം പരാതികളിൽ മിക്കപ്പോഴും നടപടി ഉണ്ടാകാറില്ല. തകരാർ പരിഹരിക്കാതെ ‘പ്രശ്നം പരിഹരിച്ചതായി’ രജിസ്റ്റർ ചെയ്ത ഫോൺനമ്പറിൽ സന്ദേശമെത്തുന്ന സ്ഥിതിയുമുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു.
ജലഅതോറിറ്റിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നിർദേശിച്ചാലും നിർവഹണം നടത്തേണ്ട ജീവനക്കാർ അനുസരിക്കാത്ത സാഹചര്യവും മണക്കാട്, കമലേശ്വരം മേഖലയിൽ നിലനിൽക്കുന്നുണ്ട്. നഗരത്തിലെ മറ്റ് പ്രദേശങ്ങളിൽ കുടിവെള്ള തകരാറുകൾ ഉണ്ടായാൽ അടിയന്തിരമായി ഇടപെടുന്ന ജലഅതോറിറ്റിയും കോർപറേഷനും മണക്കാട്, കമലേശ്വരം, അമ്പലത്തറ മേഖലകളോട് വിവേചനം കാട്ടുകയാണെന്ന ആക്ഷേപവും ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

