കുടിവെള്ളപദ്ധതി പ്രഹസനം; കുടിവെള്ളത്തിനായി നാട്ടുകാരുടെ നെട്ടോട്ടം
text_fieldsജില്ല പഞ്ചായത്ത് 50 ലക്ഷം അനുവദിച്ചിട്ടും നോക്കുകുത്തിയായ തേക്കിൻമുകൾ-പറയംകോട് കുടിവെള്ള പദ്ധതി
പത്തനാപുരം: ജില്ല പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കിയ കുടിവെള്ള പദ്ധതിയുടെ പേരിലും ജനങ്ങളെ പിഴിഞ്ഞിട്ടും കുടിവെള്ളം കിട്ടാക്കനിയെന്ന് ആക്ഷേപം. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ വിളക്കുടി ഗ്രാമപഞ്ചായത്തിലെ തേക്കിൻമുകൾ- പറയംകോട് കുടിവെള്ള പദ്ധതിയാണ് നോക്കുകുത്തിയാകുന്നത്. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ അടങ്കൽ വെച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയാണിത്. നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ മേഖലയിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഫെബ്രുവരി ആദ്യവാരം ഭരണകക്ഷിയായ എൽ.ഡി.എഫും ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് ജില്ല പഞ്ചായത്തംഗം മീര ആർ. നായരുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രത്യേകം ഉദ്ഘാടനം നടത്തിയ കുടിവെള്ള പദ്ധതിയാണ് തേക്കിൻ മുകൾ-പറയംകോട് കുടിവെള്ള പദ്ധതി.
ഉപഭോക്താക്കളിൽനിന്ന് എല്ലാ മാസവും 150 രൂപ വീതം കുടിവെള്ള പദ്ധതിയുടെ പേരിൽ പിരിക്കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. ഇതിൽ ഗ്രാമപഞ്ചായത്തിന് പങ്കില്ലെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മഞ്ജു പറഞ്ഞു. ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയിൽ ഉൾപ്പെടുത്തി 2000-2005 കാലയളവിൽ നിലവിൽ വന്ന കുടിവെള്ള പദ്ധതി 2008-2009ലാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയായി കൊണ്ടുവന്നത്. കഴിഞ്ഞ സാമ്പത്തികവർഷം കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന് ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ നിലവിലുണ്ടായിരുന്ന കുളത്തിന്റെ ആഴം കൂട്ടാത്തത് മൂലം, ഇപ്പോൾ കുളത്തിൽ വെള്ളം കുറയുകയും പമ്പിങ് തടസ്സപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ 50 ലക്ഷം രൂപ വിനിയോഗിച്ചതിന് എന്ത് പ്രവർത്തനങ്ങൾക്കാണെന്നും വിശദീകരണമില്ല. 50 ലക്ഷം രൂപ അനുവദിച്ചിട്ടും കുടിവെള്ളപ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തെകുറിച്ച് ജില്ല പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ജില്ല പഞ്ചായത്തംഗം ഡോ. മീര ആർ. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

