ഡോ. വന്ദനാ ദാസ് വധക്കേസ്: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
text_fieldsകൊല്ലം: ഡോ. വന്ദനാ ദാസ് വധക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജി. സന്ദീപിനെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വാദം പൂർത്തിയായി. വിധി പറയാൻ കേസ് 21ലേക്ക് മാറ്റി. കൊലപാതകത്തിൽ പശ്ചാത്താപമുണ്ടെന്നും പ്രായശ്ചിത്തം ചെയ്യാമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ചോദിച്ചപ്പോഴാണ് ഈ മറുപടി. എന്നാൽ, പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് വാദിച്ച പ്രോസിക്യൂഷൻ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
കൊല്ലപ്പെടുന്ന നിമിഷംവരെയും മറ്റുള്ളവർക്ക് വേണ്ടി സേവനം അനുഷ്ഠിച്ച വന്ദന തന്‍റെ കൊലയാളിയുടെ ശരീരത്തിലെ പരിക്കുകൾ ചികിത്സിച്ചുകൊണ്ടിരുന്നതാണ്. അവരെ പ്രതി ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോയി 23 തവണയാണ് കുത്തിയത്. പ്രതിയുടെ അതിക്രൂര മാനസികാവസ്ഥ വെളിവാക്കുന്നതാണ്. വേദന കൊണ്ട് അലറിക്കരഞ്ഞ വന്ദനയെ പിടിച്ചിരുത്തി തല മുതൽ കാൽവരെ മാരകമായി ആക്രമിച്ച പ്രതിയുടെ പ്രവൃത്തികൾ പ്രോസിക്യൂട്ടർ കോടതിയിൽ വിവരിച്ചു.
ഇത് കേട്ട് വന്ദനയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. പ്രതി ചെയ്ത ക്രൂരതയും അതിന് തെരഞ്ഞെടുത്തത് ആശുപത്രിയാണെന്നതും കൊല ചെയ്യപ്പെട്ടത് നിസ്സഹായയായ പെൺകുട്ടിയാണെന്നതും കേസിന്‍റെ അത്യപൂർവത വ്യക്തമാക്കുന്നതാണെന്നും കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. അധ്യാപകനായ ആൾ ബോധപൂർവം പിടിച്ചുകൊണ്ടുപോയി കൊല ചെയ്യില്ലെന്നും മാനസികാവസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പ്രതിഭാഗം വാദിച്ചു. അത്യപൂർവമായ കേസ് അല്ലെന്നും അതിനാൽ വധശിക്ഷ നൽകരുതെന്നും വാദമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

