ഡോ. വന്ദന ദാസ് കൊലക്കേസ്; കൊട്ടാരക്കര കോടതി ഇന്നു പരിഗണിക്കും
text_fieldsകൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് ജില്ല കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് ഇനി സ്വീകരിക്കാനുള്ളത്.
കേസിൽ കൊല്ലം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. മേയ് 10നു പുലർച്ച 4.45നാണ് വന്ദന ദാസ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് പ്രതി.
പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് അധ്യാപകനായ സന്ദീപിനെ മുറിവിൽ മരുന്നുവെക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽവെച്ച് ഇയാൾ അക്രമാസക്തനായി. കൂടെയെത്തിയ ബന്ധു രാജേന്ദ്രൻപിള്ള, ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേബി മോഹൻ, മണിലാൽ, അലക്സ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വന്ദന ദാസിന്റെ രക്തം സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടായിരുന്നെന്ന ശാസ്ത്രീയ പരിശോധനഫലവും മറ്റു തെളിവുകളുടെ പരിശോധനഫലവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സർജിക്കൽ സിസേഴ്സ് ഉപയോഗിച്ചാണ് കുത്തിയതെന്നും കണ്ടെത്തി. 17 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. പൊലീസുകാരും ഹോംഗാർഡും ആശുപത്രി ജീവനക്കാരും ദൃക്സാക്ഷികളും അടക്കം നൂറിലേറെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അന്യായ തടസ്സം സൃഷ്ടിക്കൽ, ആക്രമിച്ച് പരിക്കേൽപിക്കൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, പൊതുപ്രവർത്തകരെ ആക്രമിക്കൽ എന്നിവക്ക് പുറമേ, മെഡിക്കൽ സർവിസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.