മോഹങ്ങൾ ബാക്കിവെച്ച് ഡോ.സി.ബി. റജിയുടെ മടക്കം
text_fieldsഇന്ത്യൻ ബോക്സിങിലെ സൂപ്പർതാരങ്ങളായ അമിത് പംഗലിനും മേരികോമിനുമൊപ്പം ഡോ. സി.ബി. റജി (ഫയൽ ചിത്രം)
കൊല്ലം: ചെറുപ്രായത്തിൽ ഹൃദയത്തിന് തകരാറുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന് മുന്നിൽ പതറാതെ, വിദഗ്ധ പരിശോധനകളിലൂടെ അനുകൂല റിപ്പോർട്ട് നേടി ഇടിച്ചുകയറിയൊരു കഥയുണ്ട് ഡോ. സി.ബി. റെജിക്ക്. അന്ന് ആ പരിശോധനഫലം കൊല്ലം ഇൻഫന്‍റ് ജീസസ് സ്കൂളിലെ ആ മിടുക്കൻ വിദ്യാർഥിയെ കൈപിടിച്ചുകയറ്റിയത് ബോക്സിങ് റിങ്ങിലേക്കായിരുന്നു.
അവിടെ ദേശീയതാരമായും അന്താരാഷ്ട്ര ടെക്നിക്കൽ ഒഫിഷ്യലായും പേരെടുത്ത തിരുമുല്ലവാരം പുന്നത്തല വിഷ്‌ണത്തുകാവ് നഗർ 92 അശ്വതിയിൽ ഡോ. സി.ബി.റെജി (48) ഇന്ന് സ്വപ്നങ്ങൾ പാതിയിലാക്കി വിടപറയുമ്പോൾ നാടിന് നഷ്ടമായത് അസാമാന്യ പ്രതിഭയെ. ചെറിയച്ഛനായ ദ്രോണാചാര്യ അവാർഡ് ജേതാവായ ബോക്സിങ് പരിശീലകൻ ഡി. ചന്ദ്രലാലിന്‍റെ വഴിയിലൂടെയാണ് സി.ബി. റജി ബോക്സിങ് രംഗത്തെത്തിയത്.
ദേശീയതാരമായിരിക്കെ ബോക്സിങ് ടെക്നിക്കൽ ഒഫിഷ്യലായി. അന്താരാഷ്ട്രതലത്തിലും ഒഫിഷ്യലായി പ്രവർത്തിച്ചു. പിന്നീട് സംഘാടകനായും വിവിധ റോളുകളിൽ തിളങ്ങി. ബോക്സിങ് രംഗത്ത് വലിയ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന സ്വപ്നവഴിയിൽനിന്ന് അപ്രതീക്ഷിതമായാണ് രോഗക്കിടക്കയിലേക്ക് അദ്ദേഹം വീണത്.
അറിയപ്പെടുന്ന ബോക്സിങ് ഒഫിഷ്യലായിരിക്കെ കണ്ണനല്ലൂർ റിഫായ് എന്ന സ്വന്തം ഹോമിയോ ആശുപത്രിയിലൂടെ നിരവധി പേർക്ക് ആശ്വാസം നൽകിയ ഡോക്ടർ കൂടിയായിരുന്നു അദ്ദേഹം. കൂട്ടത്തിൽ ആനകളുടെയും ചികിത്സകനായി പേരെടുത്തു. 2020 ഒക്ടോബർ 26ന് കൊല്ലം മാടൻനടയിൽ ആനയുടെ ചികിത്സക്കിടെ പാമ്പ് കടിയേറ്റത് അദ്ദേഹത്തെ ആശുപത്രി കിടക്കയിൽ തളച്ചിടുകയായിരുന്നു.
ഇരുട്ടത്ത് പാമ്പ് കടിച്ചതാണെന്ന് മനസ്സിലായിരുന്നില്ല. കാലിലെ മുറിവ് വലിയ ഈച്ച കടിച്ചതാണെന്ന് കരുതി ചികിത്സിച്ചു. എന്നാൽ, നാളുകൾ കഴിയുംതോറും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായി. എട്ട് മാസത്തിനുശേഷം കാഴ്ച മങ്ങിയതോടെ മധുര അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന സംശയമുണ്ടായതും പരിശോധനയിൽ സ്ഥിരീകരിച്ചതും.
അപ്പോഴേക്കും ഇരുവൃക്കയും തകരാറിലായിരുന്നു. തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സ പൂർത്തിയാക്കി പ്രിയപ്പെട്ട ബോക്സിങ് റിങ്ങിലേക്ക് മടങ്ങണമെന്ന പ്രതീക്ഷകൾ പങ്കുവെച്ചിരുന്ന ഡോ. സി.ബി. റെജി പക്ഷേ സ്വപ്നങ്ങളെല്ലാം പാതിയിൽ വിട്ട് എന്നന്നേക്കുമായി റിങ് വിട്ട് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

