കടലിൽ വീണ് മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ച് ഡോക്ടർ
text_fieldsകൊല്ലം: കടലിൽ ജീവൻ നഷ്ടമായ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ പൊലീസ് സർജന്റെ കാരുണ്യം കാത്തുകിടന്നത് നാല് മണിക്കൂറോളം. ഒടുവിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കും ഉന്നതതല ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനും ശേഷം പോസ്റ്റുമോർട്ടം ചെയ്തുകിട്ടിയപ്പോൾ 24കാരന്റെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ബാക്കിയുണ്ടായത് രണ്ട് മണിക്കൂർ നേരംമാത്രം.
കൊല്ലം തങ്കശേരിയിൽ ഞായറാഴ്ച വൈകീട്ട് കടലിൽ കാണാതായ ജോനകപ്പുറം മുസ്ലിം നഗറിൽ അനിൽരാജിന്റെ മകൻ ലാകേശിന്റെ (24) മൃതദേഹമാണ് ഡോക്ടറുടെ നിഷേധനിലപാടിൽ പോസ്റ്റുമോർട്ടം ചെയ്യാതെ ജില്ല ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തുകിടത്തിയത്.
രാവിലെ 8.30ഓടെ തങ്കശ്ശേരി കടലിൽനിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടി ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി 10.30ഓടെ ജില്ല ആശുപത്രിയിൽ പൊലീസ് സർജനായ ഡോ. ബീനക്ക് മുന്നിൽ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ, 11.30 ന് മോർച്ചറിയുടെ കവാടം വരെ വന്ന പൊലീസ് സർജൻ ഡോ. ബീന വഴിയിൽ ആളുകൾ നിൽക്കുന്നുവെന്ന വിചിത്ര വാദമുയർത്തി തിരികെ ഓഫിസിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകർ ഡോക്ടറുമായി സംസാരിച്ചെങ്കിലും താൻ ഇനി പോസ്റ്റുമോർട്ടം ചെയുകയില്ലെന്ന നിലപാടിലായിരുന്നു സർജൻ.
തുടർന്ന് മണിക്കൂറുകളോളം ബന്ധുക്കൾ ഉൾപ്പെടെ കാത്തിരുന്നു. ഡി.എം.ഒ ഓഫിസിലേക്ക് വരെ പ്രതിഷേധമെത്തി. ഇടക്ക് സർജൻ ഓഫിസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീണ്ടും അനുനയിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യാമെന്ന നിലയിലെത്തിയിട്ട് പിന്നെയും പിൻമാറി. മണിക്കൂറുകൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടുപൊയ്ക്കോ എന്ന് പറഞ്ഞ് ഇൻക്വസ്റ്റ് പേപ്പർ പൊലീസിന് തിരികെ നൽകുകയും ചെയ്തു.
ഇത് വലിയ ബഹളത്തിന് ഇടയാക്കി. തുടർന്ന് പൊതുപ്രവർത്തകരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി നടന്ന നിരന്തര ചർച്ചക്ക് ഒടുവിൽ ഡോക്ടർ പോസ്റ്റുമോർട്ടത്തിന് തയാറായപ്പോൾ സമയം ഉച്ചക്ക് രണ്ട് പിന്നിട്ടു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരിയുടെ നിർദേശ പ്രകാരം ആശുപത്രി സൂപ്രണ്ട് ഡോ. പ്ലാസ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, നഴ്സിങ് മേധാവികൾ ഉൾപ്പെടെ പൊതു പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഡോക്ടർ വഴങ്ങിയത്.
പോസ്റ്റുമോർട്ടത്തിന് ശേഷവും കൈമാറുന്നതിനുള്ള രേഖ ഒപ്പിട്ടുനൽകാനും ഏറെ വൈകിച്ചതായി ആരോപണമുയർന്നു. ഒടുവിൽ വൈകീട്ട് മൂന്ന് കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടിയപ്പോൾ സംസ്കാരത്തിന് നിശ്ചയിച്ച സമയത്തിന് രണ്ട് മണിക്കൂർ മാത്രമായിരുന്നു ബാക്കി.
ഡോക്ടർക്കെതിരെ 24 മണിക്കൂറിനകം നടപടി ഉണ്ടാകുമെന്നും പുതിയ പൊലീസ് സർജനെ ഉടൻ നിയമിക്കാമെന്നും സ്ഥലത്തെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരി ഉറപ്പ് നൽകിയതിനാൽ കൂടുതൽ പ്രതിഷേധമുണ്ടായില്ല. കോർപറേഷൻ യു.ഡി.എഫ് നേതാവ് ജോർജ് ഡി. കാട്ടിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം എസ്. നാസർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ, ആർ.എസ്.പി നേതാവ് ടാഗോർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

