ജില്ല സ്കൂൾ കായികമേള; അഞ്ചൽ ദ ചാമ്പ്യൻ
text_fieldsജില്ല സ്കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ അഞ്ചൽ ഉപജില്ല ടീം
കൊട്ടാരക്കര: ആധിപത്യം കൈവിടാതെ അവസാനംവരെ കുതിച്ച് കപ്പുമായി അഞ്ചൽ സംഘം മടങ്ങി. ജില്ലയുടെ കായിക കൗമാരത്തിന്‍റെ കരുത്ത് തങ്ങളുടെ കൈയിൽ ഭദ്രമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചാണ് തുടർച്ചയായി മൂന്നാം തവണയും ജില്ല സ്കൂൾ കായികമേളയിൽ അഞ്ചൽ ഉപജില്ല ഓവറോൾ കപ്പുയർത്തിയത്.
സ്കൂളുകളിൽ ആദ്യമായി ഓവറോൾ കിരീടം നേടുന്ന പുതുമയുമായി ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ജേതാക്കളായി. 185 പോയന്‍റുമായി വൻ കുതിപ്പ് നടത്തിയ അഞ്ചലിലെ മിടുക്കർ ട്രാക്കിലും ഫീൽഡിലും ഒരുപോലെ കത്തിക്കയറി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 19 സ്വർണവും 23 വെള്ളിയും 21 വെങ്കലവുമാണ് ഓവറോൾ ജേതാക്കൾ കൊട്ടാരക്കരയിലെ ചെമ്മണ്ണിൽ നിന്ന് വാരിയെടുത്തത്. അതേസമയം, കഴിഞ്ഞ വർഷത്തെ 207 എന്ന പോയന്‍റ് നേട്ടത്തിലേക്ക് എത്താൻ ഉപജില്ലക്ക് കഴിഞ്ഞില്ല.
തകർപ്പൻ മുന്നേറ്റവുമായി അദ്ഭുതപ്പെടുത്തിയ ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അഭിമാനമുയർത്തി. 109 പോയന്‍റ് ആണ് ചാത്തന്നൂരിന്‍റെ താരങ്ങൾ വാരിക്കൂട്ടിയത്. 16 സ്വർണവും ഏഴ് വെള്ളിയും എട്ട് വെങ്കലവും ആണ് ചാത്തന്നൂരിലേക്ക് പറന്നത്. മുൻ ജേതാക്കൾ കൂടിയായ പുനലൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 78 പോയന്‍റ് ആണ് പുനലൂർ നേടിയത്.
ഒമ്പത് സ്വർണവും ഏഴ് വെള്ളിയും 12 വെങ്കലവും ആ നേട്ടത്തിൽ പങ്കാളിയായി. നാലാം സ്ഥാനത്ത് അഞ്ച് സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമായി 67 പോയന്‍റ് നേടിയ ആതിഥേയരായ കൊട്ടാരക്കരയും അഞ്ചാമത് നാല് സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവുമായി 60 പോയന്‍റ് നേടി ചവറയും എത്തി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കൊല്ലം ഉപജില്ല 29 പോയന്‍റ് മാത്രം നേടി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

