പ്രവര്‍ത്തനമികവില്‍ ജില്ല കലക്ടറേറ്റിന് ഐ.എസ്.ഒ അംഗീകാരം
text_fieldsജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി കൊല്ലം കലക്ടറേറ്റിന്റെ ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനം നടത്തുന്നു
കൊല്ലം: ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസര്ട്ടിഫിക്കറ്റ് ഐ.എസ്.ഒ 9001:2015 അംഗീകാരം കൈവരിച്ച് കൊല്ലം കലക്ടറേറ്റ്. പ്രവര്‍ത്തനനിലവാരം, പശ്ചാത്തല സൗകര്യം, പൊതുജനസേവനം തുടങ്ങിയ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സര്ട്ടിഫിക്കേഷന്. ജില്ല ഭരണ നിര്‍വഹണം, ലാന്‍ഡ് റവന്യൂ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, ക്രമസമാധാനം എന്നിവയുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നടത്തി സര്‍ക്കാര്‍ നിക്ഷിപ്തമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ചുമാണ് നേട്ടം കൈവരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി ഉദ്ഘാടനവും ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനവും ഫലകത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു. കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി എന്‍.വി. രാജു വിശിഷ്ടാതിഥിയായി.
ഐ.എസ്.ഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാളിറ്റി സര്‍ക്കിള്‍ രൂപവത്കരിക്കുകയും പൊതുജന അഭിപ്രായം അറിയുന്നതിന് സര്‍വേ നടത്തുകയും ചെയ്തിരുന്നു. കിലയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1964 കാലഘട്ടം മുതല്‍ റെക്കോഡ് റൂമില്‍ സൂക്ഷിച്ചിരുന്ന എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്തു. ഏത് ഫയലും മൂന്ന് മിനിറ്റിനുള്ളില്‍ വീണ്ടെടുക്കുന്നതിന് സൗകര്യമൊരുക്കി. ഭിന്നശേഷിക്കാര്‍ക്കായി റാമ്പ്, എ.ടി.എം കൗണ്ടര്‍, ഫ്രണ്ട് ഓഫീസ് നവീകരണം, തപാല്‍ പെട്ടി സ്ഥാപിക്കൽ എന്നിങ്ങനെ പ്രവർത്തനങ്ങളും പൂർത്തിയാക്കി. പൊതുജനങ്ങള്‍ക്കായി ഇരിപ്പിടങ്ങള്‍, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഓഫീസ് ശുചീകരണവും ഉറപ്പാക്കി. പൊതുജനങ്ങള്‍ക്ക് സേവന വിലയിരുത്തല്‍ ഫോമുകള്‍ നല്‍കുകയും ലഭ്യമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതുൾപ്പെടെ പ്രവർത്തനങ്ങളുടെ ഫലമാണ് സർട്ടിഫിക്കേഷൻ.
മാതൃക ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ പുരസ്കാര ജേതാവ് ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്ദേവിനെയും ഐ.എസ്.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശന് മാധവനെയും ആദരിച്ചു. സബ് കലക്ടര്‍ അഖില്‍ വി. മേനോന്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അനിത നായര്‍, വി. ജയമോഹന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

