കൂലിയെ ചൊല്ലി തർക്കം; ഒറ്റക്ക് ലോഡിറക്കി യുവതി
text_fieldsകെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീറിന്റെ നേതൃത്വത്തിൽ ലോഡ് ഇറക്കുന്നു
കടയ്ക്കൽ: കൂലിയെചൊല്ലി സി.ഐ.ടി.യു തർക്കത്തിനിടെ ഒറ്റക്ക് ലോഡിറക്കി യുവതി. രണ്ടാംദിവസം ലോഡിറക്കാൻ കോൺഗ്രസ് നേതാക്കളും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, കുമ്മിൾ മണ്ഡലം പ്രസിഡന്റ് മുക്കുന്നം ഷാനവാസ്, ശ്രീധരൻപിള്ള, മാമൻ എന്നിവർ ചേർന്നാണ് യുവതിക്ക് പിന്തുണയുമായി രണ്ടാംദിവസം ലോഡിറക്കിയത്.
തറയോടുകൾ ഇറക്കുന്നതിനെച്ചൊല്ലി കയറ്റിറക്ക് തൊഴിലാളികളുമായുള്ള കൂലിത്തർക്കം വിട്ടുകൊടുക്കാതെ കേന്ദ്രീയ വിദ്യാലയത്തിലെ മുൻ അധ്യാപികയായ വീട്ടുടമസ്ഥ വാഹനത്തിൽനിന്ന് തറയോട് സ്വന്തമായി ഇറക്കിയിരുന്നു. കുമ്മിൾ തച്ചോണത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റക്ക് വാഹനത്തിൽനിന്ന് വീട് നിർമാണത്തിന് കൊണ്ടുവന്ന തറയോടുകൾ ഇറക്കിയത്. ഓടുകൾ ഇറക്കുന്നതിന് സി.ഐ.ടി.യു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്നും പ്രിയ പറയുന്നു. ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികൾ വീടിനു മുന്നിൽ നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു.
പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രശ്നത്തിൽ ഇടപെട്ടില്ല. നേരത്തെയും ഇവിടെ വീട് നിർമാണത്തിന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിട്ടുണ്ട്. തുടർന്നാണ് കോൺഗ്രസ് നേതാവിന്റെ നേത്യത്വത്തിൽ രണ്ടാം ദിവസം വന്ന ലോഡ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

