ജീർണിച്ച കെട്ടിടം; മയ്യനാട് ഗവ. ഐ.ടി.ഐ പ്രവർത്തനത്തിൽ ആശങ്ക
text_fieldsകൊട്ടിയം: പണമില്ലെന്നുപറഞ്ഞ് പഞ്ചായത്ത് കൈ മലർത്തിയതോടെ സ്വന്തം കെട്ടിടവും സ്ഥലസൗകര്യങ്ങളും ഇല്ലാതായ മയ്യനാട് ഗവ.ഐ.ടി.ഐ.യുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക. എട്ടുവർഷമായി റെയിൽപ്പാതയോട് ചേർന്നുള്ള നിലംപൊത്താറായ കെട്ടിടത്തിലും ശാസ്താംകോവിൽ എൽ.പി.എസിനോട് ചേർന്നുള്ള തകരഷെഡിലും പ്രവർത്തിക്കുന്ന ഐ.ടി.ഐ അസൗകര്യങ്ങളുടെ നടുവിലാണ്. 2018 ഡിസംബർ 19നാണ് മയ്യനാട് ഗവ.ഐ.ടി.ഐ പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ മയ്യനാട് ശാസ്താംകോവിൽ ഗവ.എൽ.പി.എസിലും ഒന്നര കിലോമീറ്ററോളം അകലെയുള്ള മയ്യനാട് പണയിൽ മുക്കിലെ സി. കേശവൻ സാംസ്കാരിക നിലയത്തിലുമാണ് ഐ.ടി.ഐയുടെ പ്രവർത്തനം.
കാലപ്പഴക്കം കാരണം ജീർണിച്ച നിലയിലാണ് കെട്ടിടം. റെയിൽപ്പാതയോടെ ചേർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിരവധി വിദ്യാർഥികളാണ് പഠിക്കുന്നത്. ഐ.ടി.ഐ സർക്കാർ അനുവദിക്കുമ്പോൾ ഭാവിയിൽ സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനം വാങ്ങിനൽകണമെന്നതായിരുന്നു വ്യവസ്ഥ. എട്ടുവർഷത്തോളമെടുത്തിട്ടും പഞ്ചായത്ത് വാക്കുപാലിച്ചില്ല. അഞ്ചു ട്രേഡുകളിലായി നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പരിശീലനം നേടുന്നത്. എൻ.സി.വി.ടി മാനദണ്ഡങ്ങളില്ലാതെയാണ് ഐ.ടി.ഐ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയാൽ സ്ഥാപനത്തിൻ്റെ തുടർ പ്രവർത്തനത്തിനെ തന്നെ ഇത് ബാധിച്ചേക്കാം. കൂടുതൽ ട്രേഡുകൾ അനുവദിക്കുന്നതും ഐ.ടി.ഐയുടെ വികസനത്തിനും ഇത് വിലങ്ങുതടിയാണ്. ഐ.ടി.ഐയുടെ പ്രവർത്തനത്തിന് 1.70 ഏക്കർ സ്ഥലമാണ് ആവശ്യം.
ആവശ്യമായ സർക്കാർ ഭൂമി മയ്യനാട് പഞ്ചായത്തിൽ തന്നെയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ സ്ഥലം ഐ.ടി.ഐക്ക് കെട്ടിടം നിർമിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കുകയാണ് ഉണ്ടായതെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. ജില്ലയിൽ ഒരു വനിത ഐ.ടി.ഐ ഉൾപ്പെടെ ആകെ 11 സർക്കാർ ഐ.ടി.ഐകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയും മറ്റുള്ളവ സ്വന്തമായി ഉണ്ടാക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നതിനുള്ള നടപടികളും പൂർത്തിയായി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

