ഡിജിറ്റൽ സർവേ; ജില്ലയിൽ 17 വില്ലേജുകളിൽ പൂർത്തിയായി
text_fieldsകൊല്ലം: ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ജില്ലയിലെ 17 വില്ലേജുകളിൽ ഫീൽഡ് സർവേ നടപടികൾ പൂർത്തീകരിച്ച് സർവേ അതിരടയാളനിയമം 9(2) പ്രകാരമുള്ള വിജ്ഞാപനത്തിന് നൽകിയതായി അധികൃതർ.
ഒന്നാംഘട്ടത്തിലുണ്ടായിരുന്ന 12 വില്ലേജുകളിൽ പൂർണമായും രണ്ടാംഘട്ടത്തിലുണ്ടായിരുന്ന 18 വില്ലേജുകളിൽ അഞ്ച് വില്ലേജുകളിലുമാണ് ഡിജിറ്റൽ സർവേ പൂർത്തീകരിച്ചത്. ഒന്നാംഘട്ടത്തിലെ കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, തൊടിയൂർ, കല്ലേലിഭാഗം, കൊല്ലം താലൂക്കിലെ കൊറ്റൻകര, കിളികൊല്ലൂർ, മങ്ങാട്, പുനലൂർ താലൂക്കിലെ പുനലൂർ, ഇടമൺ, വാളക്കോട്, പത്തനാപുരം താലൂക്കിലെ പത്തനാപുരം, കലവൂർ, വിളക്കുടി വില്ലേജുകളിലെയും രണ്ടാംഘട്ടത്തിലെ തേവലക്കര, തൃക്കടവൂർ, തൃക്കരുവ, മീനാട്, പനയം വില്ലേജുകളിലെയും സർവേ നടപടികളാണ് പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിലെ 13 വില്ലേജുകളിലെ സർവേ പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തിൽ 13 വില്ലേജുകളിൽ മൂന്നിടത്തും സർവേ നടപടി പുരോഗമിക്കുന്നുണ്ട്.
ഒരു വില്ലേജിന്റെ സർവേ ആരംഭിക്കുന്ന വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെയാണ് നടപടികൾക്ക് തുടക്കമാവുക. തുടർന്ന് ബന്ധപ്പെട്ട ഓഫിസുകളിൽനിന്ന് രേഖകൾ ശേഖരിച്ച് 'എന്റെ ഭൂമി' പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നു. അടുത്തഘട്ടത്തിൽ വാർഡ് തല സർവേസഭ വിളിച്ചുചേർത്ത് നടപടിക്രമം വിശദീകരിക്കും. ഒപ്പം സർക്കാർഭൂമികൾ പുനർനിർണയിച്ച് നിലനിർത്തും. പിന്നീട് ഭൂവുടമസ്ഥരുടെ പേര്, ഭൂമിയുടെ വിശദാംശങ്ങൾ എന്നിവ സ്ഥിരീകരിച്ചശേഷം ഫീൽഡ് സർവേ നടത്തുന്നു.
ഭൂമിയുടെ വിസ്തീർണം, അളവുകൾ തുടങ്ങിയവ ഫീൽഡിൽ വെച്ചുതന്നെ ഭൂവുടമസ്ഥനെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമസ്ഥരുടെ ഫോൺ നമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്നമുറയ്ക്ക് റെക്കോഡുകൾ പൊതുജന പരിശോധക്ക് പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരമായി പരിഹരിക്കും.
തുടർന്ന് സെക്ഷൻ 13 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യൂഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു. ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതോടെ ഭൂസേവനങ്ങളെല്ലാം എന്റെ ഭൂമി പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സാധ്യമാകൂ. ഫോൺ നമ്പർ പരിശോധന നടത്തിയിട്ടില്ലാത്ത ഭൂവുടമസ്ഥർക്ക് മേൽപറഞ്ഞ സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ഡിജിറ്റൽ സർവേ സമയത്തുതന്നെ ഫോൺ നമ്പറും വെരിഫിക്കേഷൻ കോഡും നൽകി ഭൂവുടമസ്ഥർ സേവനങ്ങൾ ഉറപ്പാക്കണം.
ഇവ ശ്രദ്ധിക്കാം...
- സർവേസഭയിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കുക
- ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നൽകുക
- സർവേക്ക് സൗകര്യം ഒരുക്കുക. അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലെങ്കിൽ സർവേ തീയതിക്കുമുമ്പുതന്നെ അവ സ്ഥാപിക്കുക.
- സർവേ സമയത്ത് നേരിട്ട് ഹാജരായി ഭൂമിയുടെ എല്ലാ ബെൻഡ് പോയന്റുകളും കൃത്യമായി സർവേ ടീമിന് കാണിച്ചുകൊടുക്കുക.
- ഓരോ ഭൂമിയും പ്രത്യേകം പാർസലുകളായി സർവേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- സർവേ സമയത്ത് ഭൂവുടമസ്ഥർ സ്ഥലത്തില്ലെങ്കിൽ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്തുക.
- സർവേ ഉദ്യോഗസ്ഥർ ഫീൽഡിൽ വെച്ച് കാണിച്ചുതരുന്ന വിവരങ്ങൾ (വിസ്തീർണം, ഉടമസ്ഥന്റെ പേര് തുടങ്ങിയവ) ശരിയാണെന്ന് ഉറപ്പുവരുത്തുക.
- ഭൂവുടമസ്ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോഡുമായി ബന്ധിപ്പിക്കുന്നതിന് ഫോൺ നമ്പറിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് സർവേ ഉദ്യോഗസ്ഥർക്ക് നൽകുക.
- സർവേ പൂർത്തിയാക്കി റെക്കോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

