സാമ്പ്രാണിക്കോടി തുരുത്ത് തുറക്കണമെന്ന ആവശ്യം ശക്തം
text_fieldsഅഞ്ചാലുംമൂട്: ഡി.ടി.പി.സിയുടെയും തൃക്കരുവ പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള സാമ്പ്രാണിക്കോടി തുരുത്ത് തുറന്ന് നല്‍കണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ജൂലൈ ഒമ്പതിന് സാമ്പ്രാണിക്കോടി തുരുത്തില്‍നിന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടത്. നിയന്ത്രണം നിലവില്‍വന്ന് രണ്ട് മാസമായിട്ടും തുരുത്ത് തുറക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. സാമ്പ്രാണിക്കോടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതോടെ ദുരിതത്തിലായത് ഇവിടുത്തെ ടൂറിസം വിപണി പ്രതീക്ഷിച്ച് വായ്പയെടുത്തും മറ്റും ബോട്ടുകള്‍ വാങ്ങിയവരാണ്. സഞ്ചാരികള്‍ വരാതായതോടെ ബോട്ടിനായി എടുത്ത വായ്പ തിരിച്ചടക്കാനാകാതെ സങ്കടക്കടലിലാണ് ബോട്ടുടമകള്‍.
പ്രകൃതിഭംഗി നിറഞ്ഞ സാമ്പ്രാണിക്കോടി തുരുത്ത് മാധ്യമ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞതോടെയാണ് ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചത്. തുരുത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ കേരളത്തിന് പുറത്തുനിന്ന് വരെ സഞ്ചാരികളെത്തിയിരുന്നു. തുരുത്തിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തൃക്കരുവ പഞ്ചായത്തും നാട്ടുകാരും ബോട്ട് ജീവനക്കാരും ബോട്ട് ഉടമകളും കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ അനങ്ങിയിട്ടില്ല.
തുരുത്ത് തുറക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ബോട്ട് ചങ്ങലയും ബോട്ട് റാലിയും നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു. തുരുത്ത് എത്രനാള്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ നിയമസഭ സമിതി അംഗങ്ങള്‍ ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം യാത്രാവിലക്ക് നീക്കുന്നതിന് മുന്നോടിയായി എന്ന പേരില്‍ ഡി.ടി.പി.സി സെക്രട്ടറി കണ്‍വീനറായി ടെക്നിക്കല്‍ കമ്മിറ്റി വിളിച്ചുചേര്‍ത്തിരുന്നു. തുരുത്തിലേക്കുള്ള യാത്രാവിലക്കുകള്‍ ഉടന്‍ നീക്കുമെന്ന് കമ്മിറ്റിയില്‍ അറിയിച്ചിരുന്നതാണെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല. എത്രയുംവേഗം തുരുത്ത് തുറക്കണമെന്ന നിലപാടിലാണ് ബോട്ടുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍.
ടൂറിസം മന്ത്രിയെ ഇന്ന് കാണും
സാമ്പ്രാണിക്കോടി തുരുത്ത് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാനായി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കാണും. തുരുത്ത് എത്രയുംവേഗം തുറക്കണമെന്നും ടൂറിസം മുന്നില്‍കണ്ട് ബോട്ട് വാങ്ങിയ ബോട്ടുടമകളുടെ അവസ്ഥയും അവരുടെ ഉപജീവനം മുടങ്ങിയതിനെ പറ്റിയും അറിയിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന് പറഞ്ഞു. തുരുത്ത് ഓണത്തിന് മുമ്പ് തുറക്കാനുള്ള നടപടികള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തുരുത്ത് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ബുധനാഴ്ച മന്ത്രിയെ നേരില്‍കാണാന്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ കലക്ടറെയും സ്ഥലം എം.എല്‍.എയോടും അന്വേഷിച്ചെങ്കിലും മന്ത്രിതലത്തില്നിന്ന് തീരുമാനമുണ്ടായാലേ തുരുത്ത് തുറക്കാനാകൂവെന്നാണ് ഇരുവരും അറിയിച്ചത്. നിലവില്‍ 14 ബോട്ടിന് ലൈസന്‍സുണ്ട്. സാമ്പ്രാണിക്കോടിയില്‍ ലൈസന്‍സ് നല്‍കാനായി 18000 രൂപവരെ നല്കി കാത്തിരിക്കുന്നവരുണ്ട്. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.
പഞ്ചായത്തും ഡി.ടി.പി.സിയും സംയുക്തമായി ആലോചിച്ച് ഒരു നിശ്ചിത തുക ബോട്ടുകളിൽനിന്നും സഞ്ചാരികളിൽനിന്നും ഈടാക്കാനും രണ്ട് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാനും ടെക്നിക്കല്‍ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. തുരുത്ത് തുറന്നുനല്‍കിയാല്‍ പഞ്ചായത്തും ഡി.ടി.പി.സിയും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ നടപ്പാക്കും. ഈപ്രദേശത്തെ ജനങ്ങളുടെയും ബോട്ടുവാങ്ങി നഷ്ടത്തിലായ ബോട്ടുടമകളുടെ ദുരിതവും കാണാന്‍ മന്ത്രി കണ്ണുതുറക്കണമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

