ദലിത് യുവാവിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം - കൊടിക്കുന്നിൽ സുരേഷ് എം.പി
text_fieldsകൊടിക്കുന്നിൽ സുരേഷ് എം.പി
കൊല്ലം: ശാസ്താംകോട്ടയിൽ ദലിത് യുവാവിനെ പൊലീസ് സംഘം ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. നിയമം സംരക്ഷിക്കേണ്ട പൊലീസിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്.
സമഗ്ര അന്വേഷണം നടത്തി കർശന നടപടി ഉറപ്പാക്കണം. പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് 23കാരനായ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽക്കുന്ന തരത്തിൽ മർദനം നടന്നുവെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.
പൊലീസ് സേനയിലെ ആരും നിയമത്തിന് അതീതരല്ല. ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി വകുപ്പുതല നടപടിയെടുക്കണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണം. കുറ്റം തെളിഞ്ഞാൽ സർവീസിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണം.
സേനയിൽ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന വിഭാഗങ്ങളോ സെല്ലുകളോ ഉണ്ടെന്ന ആരോപണവും സർക്കാർ ഗൗരവമായി പരിശോധിക്കണം. പരാതി ലഭിച്ചിട്ടും യഥാസമയം നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കണം. നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

