ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ചരടുവലി
text_fieldsകൊല്ലം: കെ.പി.സി.സി, ഡി.സി.സി നേതൃനിര പുനസംഘടിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ചരടുവലി മുറുകി. മുഖ്യധാരയിലുള്ളവരും അല്ലാത്തവരുമായി പലപേരുകൾ ഉയർന്നു വരുന്നതിനിടയിൽ പാർട്ടിയെ ചലിപ്പിക്കാൻ കഴിയാത്തവരെ കെട്ടിയിറക്കി പാർട്ടിയെ നശിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി ചില നേതാക്കൾ പരസ്യമായി തന്നെ രംഗത്തിറങ്ങിയിട്ടുമുണ്ട്.
കെ.സി. വേണുഗോപാലിന്റെ അടുപ്പക്കാരായ ഏരൂർ സുഭാഷ്, എം.എം. നസീർ, തൊടിയൂർ രാമചന്ദ്രൻ, ‘എ’ ഗ്രൂപ്പുകാരനായ സൂരജ് രവി, രമേഷ് -വി.ഡി.സതീഷൻ വിഭാഗത്തിന്റെ അടുപ്പക്കാരനായ ജ്യോതികുമാർ ചാമക്കാല, കൊടിക്കുന്നിൽ സുരേഷിനോട് ആഭിമുഖ്യം പുലർത്തുന്ന ഹരികുമാർ എന്നിവരുടെ പേരാണ് കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നവർ ആദ്യ മൂന്നുവർഷം തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന എ.ഐ.സി.സി നിർദ്ദേശം പരിഗണിക്കുമ്പോൾ പത്തനാപുരം നിയമസഭ മണ്ഡലത്തിൽ മൽസരിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ജ്യോതികുമാർ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നില്ല. മാത്രമല്ല കെ.പി.സി.സി ട്രഷറർ സ്ഥാനവും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ഏരൂർ സുഭാഷ്, എം.എം.നസീർ, തൊടിയൂർ രാമചന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.
മറ്റ് ജില്ലകളിലെ പ്രസിഡന്റ് സ്ഥാനത്ത് വരുന്നവരുടെ ഗ്രൂപ്പ് -സമുദായ പരിഗണനകൾ കൂടി വിലയിരുത്തിയാവും അത് തീരുമാനിക്കപെടുക. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ഒഴിവാക്കപെട്ടാൽ നസീറിന് കൊല്ലത്ത് നറുക്ക് വീഴാം. അല്ലങ്കിൽ കെ.സി പക്ഷക്കാരിൽ ഏരൂർ സുഭാഷിനാകും മുൻഗണന. സൂരജ് രവിക്ക് മികച്ച പരിഗണന ലഭിക്കുന്നുണ്ടങ്കിലും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരൻ കോൺഗ്രസ് - ബി.ജെ.പി ധാരണയിൽ മൽസരിക്കാൻ മുൻകൈ എടുത്തത് അദ്ദേഹത്തിന് വിനയായിട്ടുണ്ട്.
ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ കൊല്ലത്തെ നേതാവ് വിഷ്ണു സുനിൽ പന്തളത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് വ്യാപകമായ ചർച്ചക്ക് വഴിതെളിച്ചിട്ടുണ്ട്. ദയവായി ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കരുത്’ എന്നതാണ് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തോടുള്ള അഭ്യർത്ഥന. നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണം. അതുകൊണ്ട് സംഘടന ചലിപ്പിക്കാൻ ശേഷിയുള്ളവരെ തന്നെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരണം- അദ്ദേഹം പറയുന്നു.
പുനസംഘടന നേതൃമികവുള്ളവരുടെ തലയ്ക്കിട്ട് അടിക്കുന്ന തരത്തിലാകരുത്. പാർട്ടി പരിപാടികളുടെ മുൻനിരയിൽ ഖദർ ധരിച്ച് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത് മാത്രം പ്രവർത്തനമായി കാണുവർക്ക് പ്രമോഷൻ നൽകി പാർട്ടിയെ നശിപ്പിക്കരുതെന്നും വിഷ്ണു അഭ്യർത്ഥിക്കുന്നു.
വാർഡുകളിലും ബൂത്തുകളിലും പണിയെടുക്കുന്നത് ആകണം പുനഃസംഘടനയിലെ മാനദണ്ഡം. പണിയെടുക്കാതെ, നിത്യവും നേതാക്കന്മാരെ മുഖം കാണിക്കുന്നവർക്ക് തുടർച്ചയായി അംഗീകാരം ലഭിച്ചാൽ ബാക്കിയുള്ളവരും ആ വഴിയിലൂടെ സഞ്ചരിക്കും. ഇതോടെ സംഘാടക മികവുള്ളവർക്ക് കോൺഗ്രസിൽ വംശനാശം സംഭവിക്കും. കൊള്ളാവുന്ന ആരും പാർട്ടിയിലേക്ക് വരാത്ത സ്ഥിതിയാകും.
പിൻവാതിൽ നിയമനങ്ങൾ ഇനിയെങ്കിലും പാർട്ടിയിൽ അവസാനിപ്പിക്കണം. പിൻവാതിൽ നിയമനം കാരണം പാർട്ടി ക്ഷയിച്ചത് കൊണ്ട് കൂടിയാണ് തുടർച്ചയായി പത്ത് വർഷക്കാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നതെന്ന മുന്നറിയിപ്പും നൽകിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

